
















ജനൂവരി പത്താം തീയതി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി അവതരിപ്പിച്ച നാഗമണ്ഡല നാടകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശ്രദ്ദേയമായി. നാടകത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി നാടകത്തിലെ പ്രധാന കഥാപത്രമായ നാഗത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്റ്റിന്റെ സഹായത്താല്‍ സ്റ്റേജിലെ സ്‌ക്രീനീല്‍ പുനരാവിഷ്‌കരിച്ചതാണ് കാണികളെ അത്ഭുതപ്പെടുത്തിയത്. ജ്ഞാനപീഠ ജേതാവായ പ്രശസ്ത ഇന്ത്യന്‍ നാടകകൃത്തായ ഗിരീഷ് കര്‍ണാടക രചിച്ച കൃതിയെ ആസ്പദമാക്കിയതാണ് ഈ നാടകം.
കന്നടയില്‍ രചിക്കപ്പെട്ട ഈ നാടകം മനുഷ്യബന്ധങ്ങളിലെ അധികാരം ആഗ്രഹം പുരുഷ മേധാവിത്വം എന്നിവയെ കുറിച്ചാണ് സംസാരിക്കുന്നത്. സമൂഹം ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും നൈതികതയെയും എങ്ങനെ നിയന്ത്രിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് ഈ നാടകം വളരെയേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സാമൂഹിക പുരോഗതികള്‍ ഉണ്ടായിട്ടും ഇത്തരം വിഷയങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്നതാണ് ഈ കൃതിയെ ശക്തവും ചിന്താ പ്രേരകവും ആക്കുന്നത്.
നാടകത്തിന്റെ സംവിധായകനായ സുമേഷ് അരവിന്ദാക്ഷന്‍ പറഞ്ഞു - ' പരിചിതമായ ഒരു കഥ വീണ്ടും പറയുകയല്ല ഞങ്ങളുടെ ലക്ഷ്യം വിവിധ തലമുറകളിലും സംസ്‌കാരങ്ങളിലുമായി ഈ കഥ എന്നും എന്തുകൊണ്ട് പ്രസക്തമാണ് എന്ന് പരിശോധിക്കുകയായിരുന്നു'. സാമൂഹികമായും സാങ്കേതികമായും സാംസ്‌കാരികമായും ലോകം വലിയ മാറ്റങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും സ്ത്രീകളുടെ ജീവിതത്തില്‍ സമൂഹം ചെലുത്തുന്ന നിയന്ത്രണങ്ങളും തെരഞ്ഞെടുക്കപ്പെട്ട നൈതികതകളും ഇന്നും നിലനില്‍ക്കുന്നു എന്നും സുമേഷ് കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ സമൂഹത്തിന് അതിന്റെ അവസ്ഥ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടി പോലെയാണ് ഈ അവതരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ കഥ കൂടുതല്‍ ആഴത്തില്‍ തന്നെ കാണികളുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യകളും ദൃശ്യപ്രഭാവങ്ങളും നാഗമണ്ഡല ടീം ഉപയോഗിച്ചു. എന്നാല്‍ ദൃശ്യ ആഡംബരത്തിന് അല്ല പ്രതീകാത്മകത ശക്തമാക്കാന്‍ ആയിരുന്നു ഇതിന്റെ ഉപയോഗം. നാടകത്തിലെ ശ്രദ്ധേയമായ മറ്റൊരു ഘടകം എ ഐ സാങ്കേതികവിദ്യയുടെ ഉള്‍ക്കൊള്ളല്‍ ആയിരുന്നു. വേദിയിലെ അഭിനേതാക്കള്‍ പശ്ചാത്തലമായി ഉപയോഗിച്ച എല്‍ ഇ ഡി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന പാമ്പ് നായ തുടങ്ങിയ മനുഷ്യരല്ലാത്ത കഥാപാത്രങ്ങളുമായി ഇടപഴകുന്ന രീതിയാണ് ഇവര്‍ അവലംബിച്ചത്. മലയാള നാടകവേദി ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഈ സമീപനം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
നാടകത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നാടക നിര്‍മ്മാണത്തില്‍ സംവിധായകനോട് ഒപ്പം നിന്ന സീമ ഗോപിനാഥ് പറഞ്ഞു 'വേദിയിലെ അവതരണത്തില്‍ മാത്രമല്ല നാടകം അവസാനിച്ചതിനുശേഷം പ്രേക്ഷകരില്‍ നടക്കുന്ന സംവാദങ്ങളിലാണ് അര്‍ത്ഥവത്തായ നാടകത്തിന്റെ ശക്തി'. ഈ കഥ വീണ്ടും അവതരിപ്പിച്ചതിലൂടെ കഥകള്‍ നിലനില്‍ക്കുന്നത് ഇന്നത്തെ സമൂഹത്തെ ചോദ്യം ചെയ്യാനാണ് എന്ന് തിരിച്ചറിവ് കൂടി ഞങ്ങള്‍ക്കും ഉണ്ടായി എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
നാടകത്തിലെ അഭിനേതാക്കള്‍ സുഷമ ശ്രീനിവാസ, സുമേഷ് അരവിന്ദാക്ഷന്‍, ജോസന്‍ കുഞ്ഞുമോന്‍, സീമ ഗോപിനാഥ്, ഷനില്‍ അനങ്കാരത്ത്, രാജി ഫിലിപ്‌സ്, ജയ്‌സണ്‍ മാത്യു, ജിമിന്‍ ജോര്‍ജ്, അച്ചിന കൃഷ്ണ, മഹാലക്ഷ്മി മോഹന്‍, നീതു ജിമിന്‍, ശില്‍പ സിബിന്‍ എന്നിവരായിരുന്നു. വോയിസ് ഓവര്‍ പിന്തുണ നല്‍കിയത് എയ്ഞ്ചല്‍ റാണി & രാജി ഫിലിപിസ്. സാങ്കേതിക സഹായവും ഉപദേശവും വിഗ്‌നേഷ് വ്യാസ്, ആദര്‍ശ് കുര്യന്‍ എന്നിവര്‍ നിര്‍വഹിച്ചു.
രംഗ സംവിധാനം നിര്‍വഹിച്ചത് ജോബി ജോര്‍ജ്, ജിമിന്‍ ജോര്‍ജ്, അനൂപ് ചിമ്മന്‍ ഷനില്‍ അലങ്കാരത്ത് എന്നിവരായിരുന്നു. നാടകത്തിന്റെ ആമുഖം അവതരിപ്പിച്ചത് ഈ സംഘത്തിന്റെ ക്രിയേറ്റീവ് മെന്റര്‍ കൂടിയായ അരുണ്‍ തങ്കം ആയിരുന്നു. പ്രദര്‍ശന ദിവസത്തില്‍ ലൈറ്റിംഗ് സഹായം നല്‍കിയത് വിനു വി രത്‌നമ്മ. ടീസര്‍ ട്രെയിലര്‍ ഉള്‍പ്പെടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സീമ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഭദ്രം സ്‌കൂള്‍ ഓഫ് ഡാന്‍സ് കൈകാര്യം ചെയ്തു.