സകലമാന നികുതികളും വര്‍ദ്ധിപ്പിച്ച് പണം വാരാനുള്ള ആഗ്രഹം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കാന്‍ ഇരിക്കുന്ന ബജറ്റില്‍ മുന്‍പ് പ്രഖ്യാപിക്കപ്പെട്ട പല ഭീഷണികളും നാമമാത്രമായി ഒതുങ്ങുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ റിലീഫില്‍ കൈയിട്ട് വാരാനുള്ള നീക്കം ഉള്‍പ്പെടെ വേണ്ടെന്ന് വെച്ചതായാണ് വിവരം.
ബജറ്റില്‍ 16 ബില്ല്യണ്‍ പൗണ്ട് വരെ കണ്ടെത്തേണ്ടതുണ്ടെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ടോറികള്‍ വരുത്തിവെച്ച ഖജനാവിലെ വിടവ് നികത്താന്‍ ഇത് അനിവാര്യമാണെന്നായിരുന്നു നിലപാട്. ഉയര്‍ന്ന റേറ്റില്‍ കൂടുതല്‍ വരുമാനം നേടുന്ന പെന്‍ഷന്‍കാരുടെ റിലീഫ് വെട്ടിക്കുറയ്ക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.
എന്നാല്‍ ഇത്തരമൊരു നീക്കമുണ്ടായാല്‍ സിവില്‍ സര്‍വ്വീസിലും, എന്‍എച്ച്എസിലും കലാപമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് പദ്ധതി ഉപേക്ഷിക്കുന്നത്. ഇവിടങ്ങളിലാണ് പെന്‍ഷന്‍ അധികമായി ലഭിക്കുന്നത്. കൂടാതെ ലേബര്‍ പ്രകടനപത്രികയിലെ കൂടുതല്‍ നയങ്ങളൊന്നും ഉള്‍പ്പെടുത്താനും ചാന്‍സലര്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷയില്ല.
ബജറ്റ് തങ്ങള്‍ക്ക് മേലുള്ള ഭാരം വര്‍ദ്ധിപ്പിക്കുമെന്നാണ് ബിസിനസ്സുകളുടെ ആശങ്ക. 20 ശതമാനത്തോളം ബിസിനസ്സുകളും ഈ ആശങ്കയിലാണുള്ളതെന്ന് സാവന്റ റിസേര്‍ച്ച് കണ്ടെത്തി. പ്രവര്‍ത്തനശേഷിയെ പോലും ബാധിക്കുമെന്ന ആശങ്കയും ഇവര്‍ പങ്കുവെയ്ക്കുന്നു. പ്രൈവറ്റ് സ്‌കൂള്‍ ഫീസില്‍ വാറ്റ് ഏര്‍പ്പെടുത്താനുള്ള നടപടി ജനുവരിയില്‍ മുന്നോട്ട് പോകുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് ആവര്‍ത്തിച്ചു.
അതേസമയം നോണ്‍ ഡോമിസൈല്‍ പദവിയിലുള്ളവര്‍ക്ക് നികുതി ഉയര്‍ത്താനുള്ള നീക്കം സംബന്ധിച്ച് സംശയങ്ങള്‍ നിലവിലുണ്ട്. ധനികര്‍ രാജ്യം വിട്ട് പോകുന്നത് വരുമാനം കുറയുന്നതില്‍ കലാശിക്കുമെന്നാണ് മുന്നറിയിപ്പ്.