CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 7 Seconds Ago
Breaking Now

യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം - മൂന്നാം ഭാഗം......കവന്‍ട്രി മുതല്‍ ഷെഫീല്‍ഡ് വരെ....ലോക പ്രവാസി മലയാളികള്‍ക്ക് തുല്യം വയ്ക്കാനില്ലാത്ത മഹാമേള.... യുക്മ ദേശീയ കലാമേളാ നാള്‍വഴികളിലൂടെയുള്ള തീര്‍ത്ഥയാത്രയുടെ

ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ പ്രവാസ ലോകത്തെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മയുടെ ദേശീയ കലാമേളകള്‍ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒത്തുകൂടുന്ന കലാമത്സര വേദികള്‍ എന്ന ഖ്യാതി ഇതിനകം ആര്‍ജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളില്‍  ഒന്നാംസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്‌ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന  യുക്മ ദേശീയ കലാമേളകള്‍,  രാജ്യത്തിന്റെ വിവിധ മ റീജിയണുകളില്‍ നടക്കുന്ന റീജിയണല്‍ കലാമേളാ വിജയികള്‍ വീറോടെ ഏറ്റുമുട്ടുന്ന  മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങള്‍  തന്നെയാണ്.

 

യുക്മ സ്ഥാപിതമായിട്ട് ഒന്നര പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 'ക്രിസ്റ്റല്‍ ഇയര്‍' ആഘോഷങ്ങള്‍  സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന വേളയില്‍ നടക്കുകയാണ് 2024 ലെ ദേശീയ കലാമേള. നവംബര്‍ രണ്ട് ശനിയാഴ്ച യു കെ യുടെ കുതിരപ്പന്തയ മത്സരങ്ങള്‍ക്ക് പ്രശസ്തിയാര്‍ജിച്ച  ഗ്ലോസ്റ്റര്‍ഷെയറിനടുത്തുള്ള ചെല്‍റ്റന്‍ഹാമിലെ ക്ലീവ് സ്‌കൂളില്‍ പ്രത്യേകം സജ്ജീകൃതമായ ആറ് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കള്‍ ഏറ്റുമുട്ടുകയാണ്. ദേശീയ കലാമേള അരങ്ങേറുന്ന 'കവിയൂര്‍ പൊന്നമ്മ നഗറി'ല്‍ തിരിതെളിയാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ ചരിത്രമറിയുവാന്‍ പുതിയ തലമുറയില്‍ പെട്ടവരും, സമീപകാലങ്ങളിലായും യുകെയിലേക്ക് കുടിയേറിയവരുമായ എല്ലാവര്‍ക്കും യുക്മ കലാമേള നാള്‍വഴിയിലൂടെ ഒരു യാത്ര ഈ അവസരത്തില്‍ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും അതുല്യമായ വളര്‍ച്ചയിലേക്കെത്തിയ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെയും 

സംഘാടകശേഷിയുടെയും ചരിത്രം കൂടിയാവുന്നു യുക്മ കലാമേളകള്‍.  

 

ചരിത്രമറിയുക എന്നത് ആത്മബോധത്തിന് മിഴിവേകുന്ന ഒന്നാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി യു കെ മലയാളികളുടെ കലാ സാംസ്‌ക്കാരിക വളര്‍ച്ച ലക്ഷ്യമാക്കി യുക്മ സംഘടിപ്പിച്ചു വരുന്ന കലാമേളകള്‍ എല്ലാ പ്രവാസി സമൂഹങ്ങള്‍ക്കും ജ്വലിക്കുന്ന മാതൃകയാണ്. 

 

യുക്മ ദേശീയ കലാമേളയുടെ നാള്‍വഴികളിലൂടെ ഒരു യാത്ര എന്ന ഈ പരമ്പരയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍ വായിച്ചു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ നിരവധിയാണ്. യുക്മ എന്ന സംഘടനയില്‍ സജീവമല്ലായെങ്കില്‍പ്പോലും, ഈ പ്രവാസി സംഘടനയെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന അനവധി ആളുകളും അക്കൂട്ടത്തില്‍ ഉണ്ട് എന്നത് യുക്മയ്ക്കും യുക്മ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ക്കുമുള്ള അംഗീകാരംകൂടിയായി കാണുന്നു.  മൂന്ന് ദേശീയ കലാമേളകളായ കവന്‍ട്രി 2016, ഹെയര്‍ഫീല്‍ഡ് 2017, ഷെഫീല്‍ഡ് 2018 എന്നീ ദേശീയ മേളകളിലൂടെയാണ് നാം  ലേഖനത്തിന്റെ  ഈ ഭാഗത്തില്‍ കടന്നു പോകുന്നത്.

 

ഏഴാമത് ദേശീയ കലാമേള കവന്‍ട്രിയില്‍  

 

2016 നവംബര്‍ 5 ശനിയാഴ്ച്ച  കവന്‍ട്രിയിലെ വാര്‍വിക്  മെറ്റന്‍ സ്‌കൂളില്‍ ഏഴാമത് യുക്മ ദേശീയ കലാമേള അരങ്ങേറി. യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണും മിഡ്ലാന്‍ഡ്സ് ലെ ഏറ്റവും ശക്തമായ മലയാളി സംഘടകളിലൊന്നായ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും കലാമേളയുടെ സംയുക്ത ആതിഥേയരായി. സ്റ്റോക്ക്-ഓണ്‍-ട്രെന്റിനും, ലെസ്റ്ററിനും ശേഷം ഈസ്റ്റ് വെസ്റ്റ് & മിഡ്ലാന്‍ഡ്സ് റീജിയണ്‍ ഇത് മൂന്നാം തവണയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. 

ജ്ഞാനപീഠം ജേതാവായ, യശഃശരീരനായ ഒ എന്‍ വി കുറുപ്പിന്റെ അനുസ്മരണാര്‍ത്ഥം 'ഒ എന്‍ വി നഗര്‍' എന്ന് നാമകരണം ചെയ്ത കലാമേള നഗര്‍ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തില്‍ ദര്‍ശിച്ചിട്ടില്ലാത്ത വന്‍ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. വിശ്വ മഹാകവി വില്യം ഷേക്സ്പിയറിന്റെ  ജന്മനാട്ടില്‍ നടക്കുന്ന കലാമേളയെന്ന സവിശേഷത കൂടി 2016 ലെ യുക്മ ദേശീയ കലാമേളയ്ക്ക് സ്വന്തം. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍, അര്‍ദ്ധരാത്രിക്കു ശേഷം വിധി പ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണ്‍ ഒരിക്കല്‍ക്കൂടി ദേശീയ ജേതാക്കളായി. മിഡ്ലാന്‍ഡ്സ് റീജിയണിലെ തന്നെ ശക്തരായ ബര്‍മിംഗ്ഹാം സിറ്റി മലയാളീ കമ്മ്യൂണിറ്റിയും, സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷനും ചാമ്പ്യന്‍ അസോസിയേഷന്‍ പട്ടം പങ്കിട്ടെടുത്തു.

ഹെയര്‍ഫീല്‍ഡില്‍  അരങ്ങൊരുക്കി സൗത്ത് ഈസ്റ്റ് റീജിയണ്‍ 

 

ഇതാദ്യമായാണ് സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ദേശീയ കലാമേള വന്നെത്തുന്നത്. ഇദംപ്രഥമമായി ലണ്ടനില്‍ നടക്കുന്ന യുക്മ ദേശീയ മേള എന്നനിലയിലും എട്ടാമത് ദേശീയ കലാമേള ഏറെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ട ഒന്നായിരുന്നു. സൗത്ത് ഈസ്റ്റ് റീജിയന്റെയും  അസോസിയേഷന്‍ ഓഫ് സ്ലോ മലയാളീസിന്റെയും സംയുക്ത ആതിഥേയത്വത്തിലാണ് മേള അണിയിച്ചൊരുക്കിയത്. മത്സരങ്ങളുടെ സമയക്രമങ്ങളും മുന്‍ഗണനാ ക്രമങ്ങളും പുനര്‍ നിര്‍ണ്ണയിച്ചുകൊണ്ട്, നാല് വേദികള്‍ക്ക് പകരം അഞ്ച് വേദികളില്‍ ഒരേസമയം മത്സരങ്ങള്‍ നടത്താനായത് എട്ടാമത് ദേശീയ മേളയുടെ ഒരു സവിശേഷതയായി. 

 

മലയാളത്തിന്റെ മികച്ച ജനപ്രിയ നടനായ, അന്തരിച്ച  കലാഭവന്‍ മണിയുടെ പേരില്‍ നാമകരണം ചെയ്ത 'കലാഭവന്‍ മണി നഗറില്‍' കലാമേള നഗരിയില്‍ രാവിലെ ഒന്‍പത് മണിമുതല്‍ ആരംഭിച്ച ജനപ്രവാഹം അര്‍ധരാത്രിക്ക് ശേഷവും സജീവമായിരുന്നു. 2017 ഒക്‌റ്റോബര്‍ 28 ശനിയാഴ്ച നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെയര്‍ഫീല്‍ഡ് അക്കാഡമിയില്‍ ചരിത്രം വഴിമാറുമോ എന്ന ആകാംക്ഷയിലായിരുന്ന കലാസ്‌നേഹികളെ നിരാശരാക്കാതെ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ്  മിഡ്ലാന്‍ഡ്സ് റീജിയണ്‍ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക്  വിജയികളായി. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം സൗത്ത് വെസ്റ്റ്  റീജിയണിലെ വമ്പന്മാരായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ രണ്ടാംവട്ടവും അസോസിയേഷന്‍ വിഭാഗം ചാമ്പ്യന്‍മാരായി.    

ദശാബ്ദി വര്‍ഷത്തിലെ ഐതിഹാസിക മേളക്ക് ആതിഥേയത്വം വഹിക്കാന്‍ ഷെഫീല്‍ഡ്

 

യുക്മ രൂപംകൊണ്ടതിന്റെ പത്താം വാര്‍ഷികം ആചരിക്കപ്പെടുന്ന ചരിത്രദശയില്‍ നടക്കുന്ന ദേശീയ കലാമേള എന്ന ഖ്യാതി സ്വന്തമാക്കിയാണ് 2018 ലെ യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് നടന്ന് കയറിയത്. യുക്മ ജന്മമെടുത്ത 2009 ല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക ആയിരുന്നു സ്വാഭാവികമായി യുക്മ നേതൃത്വം ലക്ഷ്യം വച്ചത്. തുടര്‍ന്ന് വന്ന എല്ലാവര്‍ഷങ്ങളിലും റീജിയണല്‍ തലത്തിലും ദേശീയ തലത്തിലും കൃത്യമായി കലാമേളകള്‍ സംഘടിപ്പിക്കുകയുണ്ടായിട്ടുണ്ട്. ഓരോ വര്‍ഷം കഴിയുന്തോറും വര്‍ദ്ധിച്ചുവരുന്ന സംഘാടക മികവും, വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കഠിന പരിശീലനങ്ങളിലൂടെ ആര്‍ജ്ജിതമാകുന്ന ക്രമപ്രവര്‍ദ്ധിതമായ വാശിയും ഉത്സാഹവും യുക്മ കലാമേളകളുടെ നിലവാരവും മേന്മയും വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ദശവത്സരാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടു നടന്ന കലാമേള എന്നനിലയിലാവും ഒന്‍പതാം ദേശീയ കലാമേള യുക്മയുടെ ചരിത്രത്തില്‍ അവിസ്മരണീയമാവുക. 

2018 ഒക്‌റ്റോബര്‍ 27 ന്  സൗത്ത് യോര്‍ക്ഷെയറിലെ ഷെഫീല്‍ഡില്‍ നടന്ന ഒന്‍പതാമത് യുക്മ ദേശീയ കലാമേള യുക്മ യോര്‍ക്ഷെയയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്റെയും ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ആകസ്മികമായി മരണമടഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കറുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് 'ബാലഭാസ്‌ക്കര്‍ നഗര്‍' എന്ന് നാമകരണം ചെയ്ത പെനിസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂളില്‍ അഞ്ച് വേദികളിലായി ദേശീയ കലാമേള അരങ്ങേറി. യുക്മ കലാമേളകളുടെ ചരിത്രത്തില്‍ ആദ്യമായി റീജിയണല്‍ - ദേശീയ കലാമേളകള്‍  പൂര്‍ണമായും കുറ്റമറ്റരീതിയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയ മേള എന്നനിലയിലും ഷെഫീല്‍ഡ് കലാമേള എന്നെന്നും ഓര്‍മ്മിക്കപ്പെടും. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണെ പിന്നിലാക്കി ആതിഥേയരായ യോര്‍ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ ഇദംപ്രഥമമായി യുക്മ ദേശീയ കലാമേള ജേതാക്കളായി. യോര്‍ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണിലെ ശക്തരായ ഈസ്റ്റ് യോര്‍ക്ഷെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ - ഹള്‍, അസോസിയേഷന്‍ വിഭാഗം ചാമ്പ്യന്മാരായി.

 

അവസാന ഭാഗത്തില്‍ വായിക്കുക....മാഞ്ചസ്റ്റര്‍ കലാമേള - 2019, വിര്‍ചല്‍ കലാമേളകള്‍ - 2020,2021, ഗ്ലോസ്റ്റര്‍ കലാമേളകള്‍ - 2022, 2023

 

(2019, 2020,2021, വര്‍ഷങ്ങളില്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറിയായും, മുന്‍ വര്‍ഷങ്ങളില്‍ ദേശീയ കമ്മറ്റിയുടെ ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, ദേശീയ സമിതിയംഗം, പി ആര്‍ ഒ എന്നിവ ആയിരുന്ന ലേഖകന്‍, നിലവില്‍ യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു)

 

Alex Varghese

 

 അലക്‌സ് വര്‍ഗ്ഗീസ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 

 




കൂടുതല്‍വാര്‍ത്തകള്‍.