കാമുകിയുടെ സ്വകാര്യവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയ 22കാരന്‍ പിടിയില്‍. 20കാരിയായ യുവതി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കാമുകനായ മോഹന്‍കുമാര്‍ അറസ്റ്റിലായത്.
ബെംഗളൂരു സ്വദേശിയായ യുവതിയില്‍ നിന്നാണ് മോഹന്‍കുമാര്‍ പണം തട്ടിയത്. 2.57 കോടി രൂപയാണ് ഇയാള്‍ പലപ്പോഴായി യുവതിയില്‍ നിന്നും തട്ടിയെടുത്തത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് മോഹന്‍കുമാറും യുവതിയും സൗഹൃദത്തിലായത്. ഇരുവരും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നുവെങ്കിലും പഠനം അവസാനിച്ചതോടെ പിരിയുകയായിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍കുമാറും യുവതിയും വീണ്ടും കണ്ടുമുട്ടി. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് മോഹന്‍കുമാര്‍ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു.
അങ്ങനെ ഇരുവരും ഒന്നിച്ച് യാത്രകള്‍ നടത്തുകയും ചെയ്തു. ഈ അവസരങ്ങളില്‍ യുവതിയുമായുളള സ്വകാര്യവിഡിയോകള്‍ പ്രതി എടുത്തിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞതോടെ പ്രതി യുവതിയോട് പല ആവശ്യങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു.
പണം കൊടുത്തില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് പേടിച്ച് യുവതി ഒന്നരക്കോടിയോളം രൂപ മുത്തശ്ശിയുടെ അക്കൗണ്ടില്‍ നിന്നും എടുത്ത് കൊടുത്തു.
എന്നാല്‍ ഭീഷണി തുടര്‍ന്നു. ഇതോടെ യുവതി വീണ്ടും പണം അയച്ചുകൊടുത്തു. പിന്നാലെ പ്രതി യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ചുകളും ആഭരണങ്ങളും ആഡംബര കാറും ആവശ്യപ്പെട്ടു.
വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് അറസ്റ്റിലായത്.