യുകെയിലെ ഏറ്റവും വലിയ നഴ്‌സിംഗ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (RCN) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ബിജോയ് സെബാസ്റ്റ്യനെ ലണ്ടന്‍ ഹീത്രൂവില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ കൈരളി യുകെ അനുമോദിച്ചു. യുകെയിലെ മൈഗ്രേഷന്‍ ആന്റ് സിറ്റിസന്‍ഷിപ്പ് ചുമതലയുള്ള മന്ത്രി സീമ മല്‍ഹോത്ര ബിജോയ്ക്ക് ഉപഹാരം കൊടുക്കുകയും, യുകെയിലെ ഏറ്റവും പഴക്കമേറിയ തൊഴിലാളി സംഘടനയായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് ഹര്‍സ്സേവ് ബെയിന്‍സ് പൊന്നാട അണിയിക്കുകയും ചെയ്തു. ഡോ. പി സരിന്‍, സിനിമ നിര്‍മ്മാതാവ് രാജേഷ് കൃഷ്ണ, കൈരളി യുകെ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ രാജേഷ് ചെറിയാന്‍, പ്രസിഡന്റ് പ്രിയ രാജന്‍, സെക്രട്ടറി കുര്യന്‍ ജേക്കബ്, വൈസ് പ്രസിഡന്റ് നവീന്‍ ഹരി, ഹില്ലിങ്ങ്ടണ്‍- ഹീത്രൂ മലയാളി അസ്സോസ്സിയേഷന്‍ ഭാരവാഹികളായ സന്തോഷ്, ലോയ്ഡ്, കൈരളി ഹീത്രൂ യൂണിറ്റ് പ്രസിഡന്റ് ഹണി റാണി ഏബ്രഹാം, സെക്രട്ടറി വിനോദ് പൊള്ളാത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അനുമോദന ചടങ്ങിനു ശേഷം കലാസന്ധ്യയും സ്വാദിഷ്ടമായ അത്താഴവും ഒരുക്കിയിരുന്നു.