CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 58 Minutes 41 Seconds Ago
Breaking Now

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

ഡല്‍ഹിയിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന എന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിന് എതിരെ ശക്തമായ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം മറ്റേതൊരു രാജ്യത്താണെങ്കിലും രാജ്യദ്രോഹ കുറ്റമായാണ് കണക്കാക്കപ്പെടുകയെന്നും അറസ്റ്റ് ഉണ്ടാകുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോഹന്‍ ഭാഗവതിന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശം രാജ്യദ്രോഹത്തിന് തുല്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ആയതിനാലാണ് ആ പരാമര്‍ശ ശേഷവും ആര്‍എസ്എസ് മേധാവിയ്ക്ക് നേരെ നടപടി ഉണ്ടാകാത്തതെന്നും അയാള്‍ മറ്റേതെങ്കിലും രാജ്യത്താണെങ്കില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്ത് വിചാരണ നേരിടേണ്ടി വരുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഡല്‍ഹിയിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. നമുക്ക് ഒരു പ്രത്യേക സമയത്താണ് പുതിയ ആസ്ഥാനമന്ദിരം ലഭിക്കുന്നത് എന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി പ്രസംഗം തുടങ്ങിയത്.

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് എന്താണ് താനും തന്റെ സംഘടനയും ചിന്തിക്കുന്നത്, ഭരണഘടനയെക്കുറിച്ച് എന്താണ് തങ്ങള്‍ ചിന്തിക്കുന്നതെന്ന് രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ രാജ്യത്തെ അറിയിക്കാനുള്ള നാണംകെട്ട ധീരത ഇന്ന് മോഹന്‍ ഭാഗവതിന് ഉണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടന അസാധുവാണെന്ന് പ്രസ്താവിച്ചതിനാല്‍ തന്നെ മോഹന്‍ ഭാഗവത് ഇന്നലെ പറഞ്ഞത് രാജ്യദ്രോഹമാണ്, ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതെല്ലാം ഒരു മൂല്യവും ഇല്ലാത്തതാണെന്നാണ് അയാള്‍ പരസ്യമായി പറയുന്നത്. ഇതെല്ലാം പൊതുമധ്യേ വിളിച്ചു പറയാന്‍ അയാള്‍ക്ക് ഒരു മടിയുമില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. മറ്റേതൊരു രാജ്യത്തും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് പറയുന്നത് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണെന്നും ഈ ആളുകള്‍ ആവര്‍ത്തിച്ച് തത്തപറയും പോലെ പറയുകയും അലറിവിളിയ്ക്കുകയും ചെയ്യുന്ന ഇക്കാര്യങ്ങള്‍, ഈ വിഡ്ഢിത്തങ്ങള്‍ കേള്‍ക്കുന്നത് നാം നിര്‍ത്തേണ്ട സമയമാണിതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ പുരസ്‌കാരം സമ്മാനിക്കാന്‍ മോഹന്‍ ഭഗവത് തിങ്കളാഴ്ച ഇന്‍ഡോറില്‍ എത്തിയിരുന്നു. ഭാരതത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്നതിനാല്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം 'പ്രതിഷ്ഠാ ദ്വാദശി' ആയി ആഘോഷിക്കണമെന്ന് മോഹന്‍ ഭാഗവത് അവിടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു പറയുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.