CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Seconds Ago
Breaking Now

കരീനയാണെന്ന് ആദ്യം കരുതി, എന്നാല്‍ അക്രമി കത്തിയുമായി എത്തി ഒരു കോടി ആവശ്യപ്പെട്ടു, തടഞ്ഞപ്പോള്‍ കുത്തി..; മലയാളി ആയയുടെ മൊഴി

ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി പിടിയിലായിരിക്കുകയാണ്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പ്രതി മുംബൈ പൊലീസിന്റെ പിടിയിലായത്. ബാന്ദ്രയിലെ ഇത്രയേറെ സുരക്ഷാക്രമീകരണങ്ങളുള്ള സെയ്ഫിന്റെ വസതിയില്‍ നടന്ന ആക്രമണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. സെയ്ഫിന്റെ വീട്ടില്‍ നടന്ന സംഭവങ്ങള്‍ ദൃക്‌സാക്ഷികളായ പരിചാരകര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വിവരിക്കുന്നുണ്ട്.

വീടിനുള്ളില്‍ കടന്ന അക്രമിയെ ആദ്യം കാണുന്നത് സെയ്ഫിന്റെയും കരീനയുടെയും ഇളയ മകന്‍ ജേയുടെ ആയയും മലയാളിയുമായ ഏലിയാമ്മ ഫിലിപ്പാണ്. നാല് വര്‍ഷമായി സെയ്ഫിന്റെ വീട്ടില്‍ ജോലി ചെയ്യുകയാണ് ഇവര്‍. ജേയുടെ മുറിയിലാണ് അക്രമി ആദ്യം കടന്നത്. ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് അക്രമിയെ കാണുന്നത്.

ജേയുടെ മുറിയിലെ ശുചിമുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടു. കരീനയാണ് എന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ സംശയം തോന്നി അടുത്തേക്ക് പോയപ്പോള്‍ പെട്ടെന്ന് ഒരാള്‍ പുറത്തുവന്നു. അയാളെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടു. അക്രമിയെ നേരിടാന്‍ ശ്രമിക്കുന്നതിനിടെ ഏലിയാമ്മയ്ക്കും കുത്തേറ്റു.

ഇതിനിടെ മറ്റൊരു പരിചാരകയായ ജുനു, സെയ്ഫ് അലിഖാനെ വിളിച്ചുണര്‍ത്തി. സെയ്ഫ് മുറിയിലെത്തുമ്പോഴാണ് ഇയാള്‍ നടന് നേരെ തിരിയുന്നതും താരത്തിന് കുത്തേല്‍ക്കുന്നതും. ഇതിനിടെ മറ്റൊരു പരിചാരികയായ ഗീതയുടെ സഹായത്താല്‍ അക്രമിയെ ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു എന്നാണ് ഏലിയാമ്മ നല്‍കിയ മൊഴി.

അതേസമയം, സംഭവം പൊലീസിനെ അറിയിച്ചപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെടുന്നതിനിടെ ആറാം നിലയിലെ സിസിടിവി ക്യാമറയില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വീട്ടിലെ ഫയര്‍ എസ്‌കേപ് വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടത് എന്നാണ് പൊലീസ് കരുതുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.