ഉയര്‍ന്ന വിസാ ഫീസാണ് ബ്രിട്ടന്റെ കുടിയേറ്റക്കാരില്‍ നിന്നും ഈടാക്കുന്നത്. ഇത് ലോകത്തിലെ മുന്‍നിര ഹൈലി-സ്‌കില്‍ഡ് വര്‍ക്കര്‍മാരെ ബ്രിട്ടനിലെ ശാസ്ത്ര, സംരംഭക മേഖലകളില്‍ ചേരുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്സ് മേഖലകളില്‍ മുന്‍കൂര്‍ ഫീസ് ഈടാക്കുന്നതില്‍ റിവ്യൂ വേണമെന്നാണ് മുന്‍നിര ശാസ്ത്രജ്ഞര്‍ മന്ത്രിമാരോട് ആവശ്യപ്പെടുന്നത്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇവര്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്.
യുകെയില്‍ ജോലി ചെയ്യാന്‍ അനുമതി ലഭിക്കാനുള്ള ചെലവ് കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കുത്തനെ ഉയരുകയാണ് ചെയ്തത്. ഇത് ആഗോള കിടമത്സരത്തിന് ആക്കം കൂട്ടി. എന്നാല്‍ പൊതുവായ ഇമിഗ്രേഷനിലെ വര്‍ദ്ധന നേരിടാന്‍ വിസാ നിയന്ത്രണങ്ങള്‍ വിജയിക്കാത്ത അവസ്ഥയാണ്.
2023 ജൂണില്‍ ഒരു വര്‍ഷത്തെ നെറ്റ് മൈഗ്രേഷന്‍ 728,000 എത്തിയെന്നാണ് ഗവണ്‍മെന്റ് കണക്കുകള്‍. 470,000 കടന്ന വിദേശ ജോലിക്കാരാണ് ഈ കണക്കുകള്‍ക്ക് പ്രധാനമായും ഉത്തേജനം നല്‍കുന്നത്. വിസാ ഫീസ് 2019 മുതല്‍ 126 ശതമാനം വര്‍ദ്ധിച്ചതായാണ് റോയല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ വ്യക്തമാക്കുന്നത്.
യുഎസും, ജപ്പാനും, ഫ്രാന്‍സും, സ്വിറ്റ്‌സര്‍ലാന്‍ഡും ഉള്‍പ്പെടെ 17 രാജ്യങ്ങളെ താരതമ്യം ചെയ്ത് നടത്തിയ പഠനത്തിലാണ് യുകെ ഫീസ് ഏറെ ഉയര്‍ന്നതാണെന്ന് വ്യക്തമാകുന്നത്. വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ എന്‍എച്ച്എസ് പരിചരണത്തിന് ഉള്‍പ്പെടെയുള്ള ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് മുന്‍കൂര്‍ നല്‍കണം. ഇത് പ്രകാരം അഞ്ച് വര്‍ഷത്തേക്ക് യുകെയിലെത്തുന്ന ശാസ്ത്രജ്ഞന് 1639 പൗണ്ട് വിസാ ഫീസിന് പുറമെ 5175 പൗണ്ട് ഹെല്‍ത്ത് സര്‍ചാര്‍ജ്ജും നല്‍കണം.