
















തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറാന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കുന്ന തിരക്കിലാണ് കീര്‍ സ്റ്റാര്‍മറും, മന്ത്രിമാരും. ഇപ്പോള്‍ ബജറ്റില്‍ കൂടുതല്‍ വാഗ്ദാന ലംഘനങ്ങള്‍ ഉണ്ടാകുമെന്നാണ് ഉറപ്പായിരിക്കുന്നത്. സഭയിലെത്തിയ പ്രധാനമന്ത്രി വരാനിരിക്കുന്ന ദുരിതത്തെ കുറിച്ച് സൂചന നല്‍കിയതോടെയാണ് തിരിച്ചടി ഉറപ്പായത്.
ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ ബജറ്റില്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ അദ്ദേഹം തയ്യാറായില്ല. വോട്ടര്‍മാര്‍ക്ക് നല്‍കിയ ഉറപ്പുകളില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്ന് മാത്രമാണ് കീര്‍ സ്റ്റാര്‍മര്‍ ചോദ്യോത്തര വേളകളില്‍ മറുപടി നല്‍കിയത്. പേഴ്‌സണല്‍ ടാക്‌സ് അലവന്‍സ് പരിധി മരവിപ്പിക്കുന്നത് നീട്ടുമോയെന്ന് ഉറപ്പ് നല്‍കാനും സ്റ്റാര്‍മര്‍ തയ്യാറായില്ല. 
എന്നാല്‍ ഇത്തരമൊരു നടപടി വന്നാല്‍ ഇത് കൂടുതല്‍ ജോലിക്കാരെ ഇന്‍കം ടാക്‌സ് നല്‍കുന്നതിലേക്ക് വലിച്ചിഴക്കും. അതേസമയം നികുതി സംബന്ധിച്ച വാഗ്ദാനം ലംഘിച്ചാല്‍ റേച്ചല്‍ റീവ്‌സിനെ പുറത്താക്കണമെന്നാണ് ടോറി നേതാവ് കെമി ബാഡെനോക് ആവശ്യപ്പെടുന്നത്.
ഒരു വര്‍ഷം മുന്‍പ് 40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വേട്ട നടപ്പാക്കുമ്പോള്‍ ഇനി ഇത് ആവര്‍ത്തിക്കില്ലെന്നായിരുന്നു ചാന്‍സലറുടെ വാഗ്ദാനം. എന്നാല്‍ വളര്‍ച്ച മുരടിച്ചതോടെ ആവശ്യത്തിന് ബജറ്റ് വിഹിതം കണ്ടെത്താന്‍ കഴിയാതെ റീവ്‌സ് വിഷമിക്കുകയാണ്. 20 മുതല്‍ 30 ബില്ല്യണ്‍ പൗണ്ട് വരെയാണ് ചാന്‍സലര്‍ക്ക് കണ്ടെത്തേണ്ടത്. ഇതോടെ ചാന്‍സലര്‍ ഇന്‍കം ടാക്‌സ് ഉയര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
2 പെന്‍സ് വരെ ഇന്‍കം ടാക്‌സ് ഉയര്‍ത്താമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ പ്രോപ്പര്‍ട്ടി, പെന്‍ഷന്‍, ലാന്‍ഡ്‌ലോര്‍ഡ് എന്നിവരെ ലക്ഷ്യംവെച്ച് നികുതി നേടാനും റീവ്‌സ് തയ്യാറാകുമെന്നാണ് കരുതുന്നത്.