
















അഭയാര്‍ത്ഥി അപേക്ഷ തള്ളിയതിന് പ്രതികാരം തീര്‍ക്കാന്‍ യാതൊരു ബന്ധവുമില്ലാത്ത ആളെ കുത്തിക്കൊന്ന ചാനല്‍ കുടിയേറ്റക്കാരന് ജയില്‍ശിക്ഷ. 500 പേരെയെങ്കിലും കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സൊമാലിയന്‍ പൗരന്‍ ഹെയ്ബി കാബ്ഡിറാക്‌സ്മാന്‍ നൂറാണ് ഡെര്‍ബിയിലെ ലോയ്ഡ്‌സ് ബാങ്കിന്റെ ബ്രാഞ്ചിലെത്തിയ 37-കാരന്‍ ഗുര്‍വീന്ദര്‍ സിംഗ് ജോഹലിനെ കുത്തിക്കൊലപ്പെടുത്തിയത്.
വെസ്റ്റ് ബ്രോംവിച്ചില്‍ ഭാര്യക്കൊപ്പം താമസിച്ചിരുന്ന ജോഹല്‍ മൂന്ന് മക്കളുടെ പിതാവായിരുന്നു. വിവിധ ബിസിനസ്സുകള്‍ ചെയ്തിരുന്ന ഈ ഇന്ത്യന്‍ വംശജന്‍ ജോലിക്കാര്‍ക്ക് നല്‍കാനുള്ള ശമ്പളം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയതായിരുന്നു. ഈ സമയത്താണ് ആരെയെങ്കിലും കൊല്ലാന്‍ ലക്ഷ്യമിട്ട് എത്തിയ നൂര്‍ ഇന്ത്യന്‍ വംശജന്റെ നെഞ്ചില്‍ കത്തികുത്തിയിറക്കിയത്. 
അതിക്രൂരമായ കൊലപാതകമെന്നാണ് ജഡ്ജ് വിധി പ്രസ്താവിക്കവെ ചൂണ്ടിക്കാണിച്ചത്. ചുരുങ്ങിയത് 25 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നല്‍കിയത്. തന്റെ ജോലിക്കാര്‍ക്ക് നല്‍കാനുള്ള പണം പിന്‍വലിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാതിരുന്ന ആളെയാണ് കൊന്നതെന്ന് ജഡ്ജ് കൂട്ടിച്ചേര്‍ത്തു.
നാല് യൂറോപ്യന്‍ രാജ്യങ്ങളില്‍ വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് അന്വേഷിച്ച വ്യക്തിയാണ് യുകെയിലേക്ക് ചെറുബോട്ടിലെത്തി കൊലപാതകം നടത്തിയതെന്ന് വിചാരണ വേളയിലാണ് വ്യക്തമായത്. 2024 ഡിസംബറില്‍ പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിന് യുകെയില്‍ അറസ്റ്റിലായിരുന്നു.
ഒരു ചാരിറ്റിയില്‍ വിളിച്ചപ്പോഴാണ് തനിക്ക് യുകെയില്‍ അവകാശങ്ങള്‍ കിട്ടുന്നില്ലെന്നും, ഇതിന് പകരമായി ആളുകളെ കൊല്ലുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയത്. ചാരിറ്റി ഈ വിഷയം ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബലന്‍സ് സര്‍വ്വീസിലും, ഇവിടെ നിന്ന് ഡെര്‍ബിഷയര്‍ പോലീസിനെയും അറയിച്ചെങ്കിലും കൊലപാതകം തടയാനുള്ള നടപടി ഉണ്ടായില്ല.