
















ഹൗസിംഗ് നിയമങ്ങള്‍ ലംഘിക്കുന്ന രണ്ടാമത്തെ മന്ത്രിയായി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. സ്വന്തം വീട് ലൈന്‍സില്ലാതെയാണ് റീവ്‌സ് വാടകയ്ക്ക് നല്‍കിയതെന്ന വാര്‍ത്തകള്‍ ശരിവെച്ച് ചാന്‍സലര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്.
ലോക്കല്‍ കൗണ്‍സിലിന് 945 പൗണ്ട് നല്‍കി ലൈസന്‍സ് എടുക്കേണ്ടിയിരുന്നെങ്കിലും ഇത് ചെയ്യാതെയാണ് റീവ്‌സ് വീട് വാടകയ്ക്ക് നല്‍കിയത്. ഈ തെറ്റ് പറ്റിയെന്ന് റീവ്‌സ് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്ററി എത്തിക്‌സ് ഓഫീസര്‍മാരെ ഈ വിവരം അറിയിച്ചു.
സൗത്ത്‌വാര്‍ക്കിലെ കുടുംബ വീടാണ് നം. 11-ലേക്ക് താമസം മാറിയതോടെ റീവ്‌സ് വാടകയ്ക്ക് നല്‍കിയത്. എന്നാല്‍ മറ്റൊരു ഏജന്‍സിയെയാണ് ഇതിന് ഏല്‍പ്പിച്ചതെന്നും, ഇവരുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ഉപദേശം ലഭിച്ചില്ലെന്നുമാണ് പറയുന്ന ന്യായം. വിഷയം മനസ്സിലാക്കിയതോടെ ഉടന്‍ ലൈസന്‍സിന് അപേക്ഷിച്ചെന്ന് റീവ്‌സിന്റെ വക്താവ് പറയുന്നു.
സംഭവത്തില്‍ റീവ്‌സ് പ്രധാനമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചു. ഇതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഡള്‍വിച്ചിലുള്ള റീവ്‌സിന്റെ വീട് കഴിഞ്ഞ വര്‍ഷം 3200 പൗണ്ടിനാണ് വിപണിയിലെത്തിയത്. എന്നാല്‍ ഇതിന് മുന്നോടിയായി റെന്റല്‍ ലൈസന്‍സ് എടുക്കാന്‍ റീല്‌സ് പരാജയപ്പെട്ടു.