
















 
                    
ആന്‍ഡ്രൂ രാജകുമാരന്‍ വെറും ആന്‍ഡ്രൂവായി മാറിയതോടെ ആ കൂട്ടത്തില്‍ താമസസ്ഥലം വരെ നഷ്ടപ്പെട്ട് മുന്‍ ഭാര്യ. റോയല്‍ ലോഡ്ജില്‍ നിന്നും ആന്‍ഡ്രൂവിനെ പടിയടച്ച് പിണ്ഡം വെച്ചതോടെ ഒപ്പം താമസിച്ചിരുന്ന മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസണും ഇവിടെ നിന്നും പടിയിറങ്ങാന്‍ നിര്‍ബന്ധിതമായി.
ആന്‍ഡ്രൂവിന് സാന്‍ഡിഗ്രാം എസ്റ്റേറ്റിലെ സ്വകാര്യ വസതി കിട്ടിയെങ്കില്‍ സാറാ ഫെര്‍ഗൂസന്റെ സ്ഥിതി അതല്ല. സ്വന്തം നിലയില്‍ ഇവര്‍ താമസിക്കാന്‍ സ്ഥലം കണ്ടെത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 1996-ല്‍ ആന്‍ഡ്രൂവും, സാറയും വിവാഹമോചനം നേടിയതാണ്. എന്നിട്ടും 2008 മുതല്‍ ഇവര്‍ മുന്‍ ഭര്‍ത്താവിനൊപ്പം 30 മുറികളുള്ള റോയല്‍ ലോഡ്ജില്‍ താമസിച്ച് വരികയായിരുന്നു. 
ആന്‍ഡ്രൂവിനൊപ്പം, സാറാ ഫെര്‍ഗൂസണും കുട്ടിപ്പീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായി അടുപ്പം പുലര്‍ത്തുകയും, പണം കടം വാങ്ങുകയും ചെയ്‌തെന്ന് വരെ വ്യക്തമായിരുന്നു. ലൈംഗിക പീഡനത്തിന് അകത്തായ എപ്സ്റ്റീന്‍ ജയില്‍മോചിതനായപ്പോള്‍ സ്വന്തം പെണ്‍മക്കളെ കൂട്ടിയാണ് സാറാ ഫെര്‍ഗൂസണ്‍ സന്തോഷം പ്രകടിപ്പിക്കാന്‍ പോയതെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. ഇതോടെ മുന്‍ ഭര്‍ത്താവിനെ പോലെ സാറയുടെയും പ്രതിച്ഛായ തകര്‍ന്നു.
അതേസമയം ഈ കുത്തൊഴുക്കിലും ഇവരുടെ പെണ്‍മക്കള്‍ രാജപദവികള്‍ നഷ്ടമാകാതെ പിടിച്ചുനിന്നു. ബിയാട്രിസ്, യൂജീന്‍ രാജകുമാരിമാര്‍ക്ക് അവരുടെ രാജകീയ സ്ഥാനപ്പേരുകള്‍ നഷ്ടമാകില്ല. ഇവരെ സംരക്ഷിച്ച് നിര്‍ത്താന്‍ ചാള്‍സ് രാജാവും ശ്രമിച്ചു. കാര്യങ്ങള്‍ ഇത്രയേറെ വഷളായതോടെ ആന്‍ഡ്രൂ തനിക്കെതിരായ നടപടികളില്‍ പോരാട്ടം നടത്തിയില്ലെന്നാണ് വിവരം. കൂടാതെ മക്കള്‍ക്ക് സ്ഥാനങ്ങള്‍ നഷ്ടമാകാത്തതിന്റെ ആശ്വാസത്തില്‍ ഇനി കഴിഞ്ഞുകൂടാം.
