CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 29 Minutes Ago
Breaking Now

ഇനി വെറും ആന്‍ഡ്രൂ! പിറന്നുവീണ വകുപ്പില്‍ അലങ്കാരമായി കിട്ടിയ 'രാജകുമാരന്‍' പദവിയും പിടിച്ചെടുത്ത്, റോയല്‍ ലോഡ്ജില്‍ നിന്നും ചവിട്ടിപ്പുറത്താക്കി രാജാവ്; 65-ാം വയസ്സില്‍ ചെയ്തുകൂട്ടിയതിന് നാണംകെട്ട് മടക്കം; സത്യത്തിന്റെ വിജയമെന്ന് ഇരയുടെ കുടുംബം!

മുന്‍ യോര്‍ക്ക് ഡ്യൂക്ക് കൂടിയായി ആന്‍ഡ്രൂവിന് ഇനി രാജകുമാരനെന്ന വിളിപ്പേര് അന്യമാകും

ആന്‍ഡ്രൂ രാജകുമാരന്റെ പേരിലെ 'രാജകുമാരന്‍' ഒഴിവാക്കി, വെറും ആന്‍ഡ്രൂവാക്കി രാജാവിന്റെ അസാധാരണ നടപടി. സകല പദവികളും പിടിച്ചെടുത്തതിന് പുറമെ സുരക്ഷിതമെന്ന് കരുതി താമസിച്ച് വന്നിരുന്ന വീട്ടില്‍ നിന്നും ആന്‍ഡ്രൂവിനെ പുറത്താക്കുകയും ചെയ്തു. 

മുന്‍ യോര്‍ക്ക് ഡ്യൂക്ക് കൂടിയായി ആന്‍ഡ്രൂവിന് ഇനി രാജകുമാരനെന്ന വിളിപ്പേര് അന്യമാകും. ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്ന പേരിലാകും ഇയാള്‍ ഇനി അറിയപ്പെടുക. ലൈംഗിക പീഡകനും, കുട്ടികളെ പോലും മനുഷ്യക്കടത്തിന് വിധേയമാക്കി ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തതിന് ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനുമായുള്ള കൂട്ടുകെട്ടിന്റെ രഹസ്യവിവരങ്ങള്‍ പുറത്തുവന്നതോടെയാണ് 65-കാരനായ ആന്‍ഡ്രൂവിന് കീഴടങ്ങേണ്ടി വന്നത്. 

ലീസിനെടുത്ത് നാമമാത്ര വാടക പേരിന് നല്‍കി സസുഖം താമസിച്ചിരുന്ന റോയല്‍ ലോഡ്ജില്‍ നിന്നും പുറത്തായതോടെ നോര്‍ഫോക്കിലെ രാജാവിന്റെ സാന്‍ഡിഗ്രാം എസ്‌റ്റേറ്റിലുള്ള സ്വകാര്യ വസതിയിലേക്കാണ് ആന്‍ഡ്രൂവിനെ അയച്ചിരിക്കുന്നത്. നടപടികള്‍ അനിവാര്യമാണെന്ന് വ്യക്തമാക്കിയ ബക്കിംഗ്ഹാം കൊട്ടാരം ആന്‍ഡ്രൂ ഇപ്പോഴും തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം വിഷയം കൈകാര്യം ചെയ്തതില്‍ അബദ്ധങ്ങള്‍ പിണഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് നടപടിയെന്നതാണ് വൈരുദ്ധ്യം. 

രാജാവിന്റെയും, രാജ്ഞിയുടെയും എല്ലാവിധ ചിന്തകളും ഇരകള്‍ക്കും, അതിജീവിതര്‍ക്കും ഒപ്പമാണെന്നും കൊട്ടാരം കൂട്ടിച്ചേര്‍ത്തത് ഇതിന്റെ സൂചനയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി യാതൊരു ബന്ധവുമില്ലെന്ന് ആന്‍ഡ്രൂ അവകാശപ്പെട്ടിരുന്ന എപ്സ്റ്റീന് അയച്ച ഇമെയിലുകള്‍ ഉള്‍പ്പെടെ പുറത്തുവന്നത്. ഇതോടെ ന്യായീകരിക്കാന്‍ കഴിയാതെ പ്രതിരോധത്തിലായ ആന്‍ഡ്രൂവിനെതിരെ നടപടിയെടുക്കാതെ കൊട്ടാരത്തിന് മറ്റ് വഴിയില്ലെന്ന അവസ്ഥയുമായി. 

ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ കൊത്തിക്കീറാന്‍ ശ്രമിച്ച ആന്‍ഡ്രൂവിനെതിരെ ആരോപണം ഉന്നയിച്ച വിര്‍ജിനിയ ജിഫ്രെയുടെ കുടുംബം ഇപ്പോള്‍ നടപടികളില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സത്യവും, അസാമാന്യമായ ധൈര്യവും കൊണ്ടാണ് വിര്‍ജിനിയ ബ്രിട്ടീഷ് രാജകുമാരനെ താഴെയിറക്കിയതെന്ന് അവരുടെ സഹോദരന്‍ പ്രതികരിച്ചു. ഈ വര്‍ഷം ആദ്യം വിര്‍ജിനിയ ആത്മഹത്യ ചെയ്തിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.