ബ്രിട്ടനിലെ മുന്‍നിര ബാങ്കുകളിലൊന്നായ സാന്‍ടാന്‍ഡര്‍ രാജ്യം ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടനിലെ അമിതമായ ചുവപ്പുനാടയാണ് ഹൈസ്ട്രീറ്റ് ബാങ്കിനെ കൊണ്ട് കടുംകൈയ്യിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരമൊരു തീരുമാനം ഉണ്ടായാല്‍ ഇത് ലക്ഷക്കണക്കിന് ഉപഭോക്താക്കളെയും, ആയിരക്കണക്കിന് ജീവനക്കാരെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
ഭാവിയിലെ ബിസിനസ്സ് മുന്നില്‍ കണ്ട് സ്പാനിഷ് ബാങ്കിംഗ് സ്ഥാപനമായ സാന്‍ടാന്‍ഡര്‍ യുകെയില്‍ നിന്നും പിന്‍മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008-ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുകെ നടപ്പാക്കിയ നിയമങ്ങളുടെ പേരിലുള്ള രോഷമാണ് ഈ നിലപാടിലേക്ക് ബാങ്കിനെ എത്തിച്ചതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിയമങ്ങള്‍ ബാങ്കിന്റെ വരുമാനം കുറയ്ക്കാന്‍ ഇടയാക്കുന്നുണ്ട്.
പ്രതിസന്ധിക്ക് ശേഷം വലിയ ബാങ്കുകള്‍ക്ക് റീട്ടെയില്‍ ബാങ്കിംഗും, അപകടകരമായ ഇന്‍വെസ്റ്റ്‌മെന്റും, ഇന്റര്‍നാഷണല്‍ ആക്ടിവിറ്റികളും വ്യത്യസ്തമായി നടത്തേണ്ടിവന്നിരുന്നു. ഇത് സ്‌പെയിന്‍ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് യുകെയില്‍ നിന്നുള്ള വരുമാനം കുറയ്ക്കാന്‍ ഇടയാക്കിയെന്നാണ് ബാങ്കിംഗ് വമ്പന്‍ വിശ്വസിക്കുന്നത്. ഇതിന്റെ ഫലമായി ബാങ്ക് വിറ്റൊഴിയാണ് എക്‌സിക്യൂട്ടീവ് ചെയര്‍ അനാ ബോട്ടിന്‍ ആലോചിക്കുന്നതായി ഒരു മുന്‍ സാന്‍ടാന്‍ഡര്‍ എക്‌സിക്യൂട്ടീവിനെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വളര്‍ച്ച രേഖപ്പെടുത്തുന്ന യുഎസ് പോലുള്ള മേഖലകളിലേക്ക് ശ്രദ്ധിച്ചാനാണ് എക്‌സിക്യൂട്ടീവുമാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തില്‍ ഷെയര്‍ നിരക്കുകള്‍ 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ പദ്ധതിയുമായി ബാങ്ക് മുന്നോട്ട് പോയാല്‍ ഏകദേശം 14 മില്ല്യണ്‍ സാന്‍ടാന്‍ഡര്‍ ഉപഭോക്താക്കളെ ഇത് ബാധിക്കും. കൂടാതെ 444 ബ്രാഞ്ചുകളിലായി പ്രവര്‍ത്തിക്കുന്ന 20,000 ജീവനക്കാരെയും പ്രതിസന്ധിയിലാക്കും. ഉപഭോക്താക്കള്‍ക്ക് ഏകദേശം 200 ബില്ല്യണ്‍ പൗണ്ടാണ് സാന്‍ടാന്‍ഡര്‍ കടം നല്‍കിയിട്ടുള്ളത്.