സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് കുട്ടികളെ കുത്തിക്കൊന്ന കൊലയാളി ആക്‌സല്‍ റുഡാകുബാന സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ ബോംബുകളെ കുറിച്ചുള്ള വിവരങ്ങള്‍ പഠിച്ചുവെച്ചിരുന്നതായി റിപ്പോര്‍ട്ട്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതായി കോടതിയില്‍ കുറ്റസമ്മതം നടത്തിയ 18-കാരന്‍ ഗുരുതര അതിക്രമങ്ങള്‍ നടത്താനുള്ള ലേഖനങ്ങളും, പുസ്തകങ്ങളും സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മാതാപിതാക്കളുടെ സ്വദേശമായ റുവാന്‍ഡ, നാസി ജര്‍മ്മനി എന്നിവിടങ്ങളിലെ വംശഹത്യ, ആഭ്യന്തര യുദ്ധ തന്ത്രങ്ങള്‍, പീഡനങ്ങള്‍, മനുഷ്യരെ ഭക്ഷണമാക്കല്‍ എന്നിങ്ങനെയുള്ള ക്രൂരമായ സംഗതികളെ കുറിച്ചുള്ള ലേഖനങ്ങളും ഇയാള്‍ കൈയില്‍ സൂക്ഷിച്ചിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് കാര്‍ ബോംബുകള്‍ ഉപയോഗിച്ച് ഏത് സാഹചര്യത്തിലും അസാധാരണമായ നാശം വിതയ്ക്കാന്‍ കഴിയുന്നതിനെ കുറിച്ചാണ് ഒരു ലേഖനം. ഇതിന് പുറമെ ഇലക്ട്രോണിക് ഡിറ്റൊണേറ്ററുകളെ കുറിച്ചും, ശക്തമായ നൈട്രിക് ആസിഡിനെ കുറിച്ചും കൗമാരക്കാരന്‍ ഗവേഷണം നടത്തിയെന്നും ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. തന്റെ ഗവേഷണങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ഇയാള്‍ക്ക് താല്‍പര്യമുണ്ടായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ജിഹാദ്, അല്‍ഖ്വായ്ദ ട്രെയിനിംഗ് മാന്വല്‍ എന്നിവയെല്ലാം പിടിച്ചെടുത്തതോടെയാണ് ഇയാള്‍ക്കെതിരെ തീവ്രവാദ ലേഖനങ്ങള്‍ കൈവശം സൂക്ഷിച്ചതിനുള്ള കുറ്റം ചുമത്തിയത്. മുന്‍പ് 10 തവണയിലേറെ കൈയില്‍ കത്തിയുമായി നടന്നിട്ടുണ്ടെന്ന് റുഡാകുബാന സമ്മതിച്ചിട്ടുണ്ട്. സ്‌കൂളില്‍ മറ്റൊരു കുട്ടിയെ അക്രമിച്ചതിന് ശിക്ഷയും ലഭിച്ചിട്ടുള്ള ഇയാള്‍ക്ക് 17-ാം വയസ്സില്‍ ആമസോണില്‍ നിന്നും കത്തി വാങ്ങാന്‍ സാധിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
റുഡാകുബാന സൃഷ്ടിക്കുന്ന അപകടം തിരിച്ചറിയുന്നതില്‍ പൊതുസംവിധാനങ്ങള്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ വ്യക്തമാക്കി. ആമസോണില്‍ നിന്നും ഇതുപോലൊരു വ്യക്തി അനായാസം കത്തി വാങ്ങിച്ചത് നാണക്കേടാണെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.