രണ്ട് സ്ത്രീകളില്‍ നിന്നും ലൈംഗിക ആരോപണങ്ങള്‍ നേരിട്ട ലിവര്‍പൂള്‍ ബിഷപ്പ് ദിവസങ്ങള്‍ തികയുന്നതിന് മുന്‍പ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒരു വനിതാ ബിഷപ്പ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ആരോപണം നേരിട്ടതോടെയാണ് റൈറ്റ് റവ. ഡോ. ജോണ്‍ പെരുമ്പളത്ത് വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
2019 മുതല്‍ 2023 വരെ കാലയളവില്‍ റവ. ഡോ. ജോണ്‍ പെരുമ്പളത്തിന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം നേരിട്ടതായി ഒരു സ്ത്രീ ആരോപിക്കുന്നു. 2023-ല്‍ തന്നെ തനിക്ക് ലൈംഗിക അപമാനം നേരിട്ടതായാണ് വനിതാ ബിഷപ്പ് വെളിപ്പെടുത്തിയത്.
സംഭവത്തിലെ പരാതിക്കാരി താനാണെന്ന് വെളിപ്പെടുത്തി വാറിംഗ്ടണ്‍ ബിഷപ്പ് റിട്. റവ. ബെവെര്‍ലി മേസണാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. 'ഒരു ബിഷപ്പ് ഒരിക്കലും നിയമത്തിന് അതീതനല്ല. ഒരു പുരോഹിതനില്‍ നിന്നും വ്യത്യസ്തമായി ബിഷപ്പിനെ കൈകാര്യം ചെയ്യേണ്ടതില്ല. ബിഷപ്പുമാര്‍ കൂടുതല്‍ പരിശോധന നേരിടുകയാണ് വേണ്ടത്. ഇത് ബൈബിളും പറയുന്നു', അവര്‍ വ്യക്തമാക്കി.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ഇപ്പോഴും 58-കാരനായ ബിഷപ്പ് പെരുമ്പളത്ത് തള്ളുകയാണ്. ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വിരമിക്കല്‍ കത്തിലും ഇക്കാര്യം ആവര്‍ത്തിക്കുന്നു. ലിവര്‍പൂള്‍ അതിരൂപതയാണ് കത്ത് പങ്കുവെച്ചത്.
'രാജാവിന്റെ അനുമതിയോടെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആക്ടീവ് മിനിസ്ട്രിയില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ആരോപണങ്ങളില്‍ ഇപ്പോഴും തെറ്റുകാരനല്ലെന്ന നിലപാടില്‍ മാറ്റമില്ല. ഈ കഥ അതിരൂപതയുടെ മികച്ച പ്രവര്‍ത്തനത്തില്‍ നിന്നും ശ്രദ്ധ തെറ്റിക്കും. ഇത് രാജിവെയ്ക്കലോ, ഏതെങ്കിലും തരത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കലോ ആകുന്നില്ല', ബിഷപ്പ് കത്തില്‍ വ്യക്തമാക്കി.