മുന്‍ നഴ്‌സ് ലൂസി ലെറ്റ്ബിയെ കൊലപാതകിയാക്കി കുറ്റം ചുമത്തി ജയിലില്‍ അടച്ചിട്ട് നാളുകളായി. ബ്രിട്ടന്‍ കണ്ട ഏറ്റവും ഭീകരയായ കൊലയാളിയെന്ന് വിശേഷണം ഏറ്റുവാങ്ങിയെങ്കിലും താന്‍ കുഞ്ഞുങ്ങളെ കൊന്നിട്ടില്ലെന്ന നിലപാടില്‍ ലെറ്റ്ബി ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല. ഇപ്പോള്‍ ഈ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തുവരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന സംശയമാണ് വ്യാപിക്കുന്നത്.
സുപ്രധാന തെളിവുകള്‍ സംബന്ധിച്ച് ജൂറിയെ തെറ്റിദ്ധരിപ്പിച്ചതായി പോലീസ് നോട്ടുകള്‍ വെളിപ്പെടുത്തിയതോടെയാണ് കാര്യങ്ങള്‍ സ്‌ഫോടനാത്മകമായ അവസ്ഥയിലേക്ക് വരുന്നത്. ജോലി ചെയ്തിരുന്ന ചെസ്റ്റര്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ നേരിട്ട അത്യാഹിതങ്ങളെല്ലാം സംഭവിക്കുമ്പോള്‍ ലെറ്റ്ബിയുടെ സാന്നിധ്യം ഇതിന് പിന്നില്‍ ഉണ്ടായിരുന്നുവെന്നാണ് കോടതിയില്‍ ബോധ്യപ്പെടുത്തിയത്.
എന്നാല്‍ ഇക്കാര്യത്തില്‍ സംശയം ഉയര്‍ന്നതിന് പിന്നാലെ കോടതിയില്‍ സമര്‍പ്പിച്ച തന്റെ നിരീക്ഷണങ്ങള്‍ വളച്ചൊടിച്ചതായി ഒരു വിദഗ്ധന്‍ പൊതുസമൂഹത്തിന് മുന്നില്‍ പ്രഖ്യാപിച്ചതും ആശങ്കയായി മാറുകയാണ്. നഴ്‌സിന് എതിരായ തെളിവുകള്‍ സംബന്ധിച്ച് സംശയങ്ങള്‍ അറിയിക്കുന്ന വിദഗ്ധരുടെ എണ്ണവും ഏറുകയാണ്. ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, ഏഴ് പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസുകളില്‍ 15 ജീവപര്യന്തം ശിക്ഷകള്‍ അനുഭവിച്ച് വരികയാണ് ലെറ്റ്ബി.
കേസില്‍ അപ്പീള്‍ തള്ളിയിട്ടുണ്ടെങ്കിലും ഒരു പുനര്‍വിചാരണ ആവശ്യമാണെന്നാണ് മുന്‍ ക്യാബിനറ്റ് മന്ത്രി ഡേവിഡ് ഡേവിസ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. നീതി ലഭ്യമാക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നാണ് അദ്ദേഹം പറയുന്നത്. ലെറ്റ്ബി കേസില്‍ സഹായകമായ തെളിവുകള്‍ പോലീസും, ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസും മറച്ചുവെയ്ക്കുന്നതായും ആരോപിച്ചു. ഇതിന് പിന്നാലെയാണ് ചില തെളിവുകള്‍ പുറത്തുവന്നത്.