കഴിഞ്ഞ ആറ് മാസത്തിനിടെ ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ എത്തിയ 20 ശതമാനത്തോളം ജനങ്ങള്‍ക്കും കോറിഡോര്‍ പരിചരണത്തിന് ഇരയാകുകയോ, സാക്ഷ്യം വഹിക്കേണ്ടി വരികയോ ചെയ്തതായി പുതിയ സര്‍വ്വെ. വെയ്റ്റിംഗ് റൂമുകള്‍, കാര്‍ പാര്‍ക്ക്, കോറിഡോര്‍ എന്നിങ്ങനെ മെഡിക്കല്‍ ഇതര സംവിധാനങ്ങളില്‍ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത് എന്‍എച്ച്എസില്‍ അടുത്ത കാലത്തായി ഒരു പതിവായി മാറുന്നുവെന്നാണ് വ്യക്തമാകുന്നത്.
ഈ പ്രതിസന്ധി നേരിടാന്‍ അടിയന്തര നടപടി വേണമെന്ന് പോള്‍ സംഘടിപ്പിച്ച റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആവശ്യപ്പെട്ടു. നിര്‍ബന്ധിത റിപ്പോര്‍ട്ടിംഗും, നഴ്‌സിംഗ് ജീവനക്കാര്‍ക്ക് കൂടുതല്‍ നിക്ഷേപവും ഉള്‍പ്പെടെ വേണമെന്നാണ് ആര്‍സിഎന്‍ ആവശ്യപ്പെടുന്നത്.
2267 മുതിര്‍ന്നവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെ പ്രകാരം ഗവണ്‍മെന്റ് നടപടി സ്വീകരിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് പകുതി ആളുകളും അഭിപ്രായപ്പെട്ടത്. ബെഡുകളും, ജീവനക്കാരും കുറവായതിനാല്‍ രോഗികള്‍ക്ക് യാതൊരു അന്തസ്സും നല്‍കാത്ത രീതികള്‍ പിന്തുടരുകയും, ആരാലും പരിഗണിക്കാതെ ട്രോളികളിലും, കസേരയിലും കിടന്ന് മരിക്കേണ്ട ഗതികേടും നേരിടുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഒരു മാസം മുന്‍പ് പുറത്തുവന്നിരുന്നു.
'പൊതുജനങ്ങളുടെയും, നഴ്‌സിംഗ് ജീവനക്കാരുടെയും കണ്‍മുന്നിലാണ് ദുരന്തങ്ങള്‍ രൂപം കൊള്ളുന്നത്. കെയര്‍ നിലവാരം അസ്വീകാര്യമായതെന്ന് അവര്‍ക്കറിയാം, ഇതില്‍ ഗവണ്‍മെന്റ് നടപടി വേണമെന്നാണ് ആവശ്യം. ഇത് സംഭവിക്കുമ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് തടയാനുള്ള പ്രാഥമിക നടപടി. ഇതിന് നഴ്‌സിംഗ് ജീവനക്കാര്‍ക്കായി കൂടുതല്‍ നിക്ഷേപം ആവശ്യമാണ്. പ്രത്യേകിച്ച് കമ്മ്യൂണിറ്റി, സോഷ്യല്‍ കെയര്‍ തലത്തില്‍. രോഗികളെ വീടുകളില്‍ തന്നെ ആരോഗ്യത്തോടെ നിലനിര്‍ത്താനും, ഹോസ്പിറ്റലുകളിലെ സമ്മര്‍ദം കുറയ്ക്കാനും ഇത് സുപ്രധാനമാണ്', ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവും, ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. നിക്കോള സ്റ്റര്‍ജന്‍ വ്യക്തമാക്കി.