ചില നികുതി വര്‍ദ്ധനവുകള്‍ അങ്ങനെയാണ്. അധികം ആരും ശ്രദ്ധിക്കാതെ ഒരു വശത്ത് കൂടെ അത് വര്‍ദ്ധിച്ച് പോകും. പോക്കറ്റില്‍ നിന്നും അധികമായി പണം ഒഴുകുമ്പോഴാണ് നമ്മുടെ ശ്രദ്ധയില്‍ അത് പെടുക. ഇത് എപ്പോള്‍ കൂട്ടിയെന്ന് അമ്പരക്കുകയും ചെയ്യും. ഏപ്രില്‍ ഒന്ന് മുതല്‍ വാഹന ഉടമകള്‍ ഈ വിധം അമ്പരക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ചില വാഹന ഉടമകള്‍ക്ക് 2745 പൗണ്ട് വരെ അധിക ബാധ്യത സമ്മാനിക്കുന്ന സുപ്രധാന കാര്‍ നികുതി വര്‍ദ്ധനവുകള്‍ പ്രാബല്യത്തില്‍ വരുന്നതാണ് ഈ തിരിച്ചടി സമ്മാനിക്കുന്നത്. എന്നാല്‍ ഭൂരിപക്ഷം വാഹന ഉടമകളും ഇതിനെക്കുറിച്ച് അറിഞ്ഞിട്ട് പോലുമില്ലെന്നതാണ് അവസ്ഥ.
2025 ഏപ്രില്‍ 1 മുതല്‍ നടപ്പിലാകുന്ന നികുതി മാറ്റങ്ങളെ കുറിച്ച് കാല്‍ശതമാനം വാഹന ഉടമകളും അറിഞ്ഞിട്ടില്ലെന്ന് വീബയ്കാര്‍ നടത്തിയ പോളില്‍ വ്യക്തമായി. ഇലക്ട്രിക് വെഹിക്കിള്‍ ഉടമകള്‍ക്ക് ആദ്യമായി നികുതി വരുന്നതും, പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ നേരിടുന്ന അധിക സാമ്പത്തിക ബാധ്യതയും ഇതില്‍ പെടും.
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ഓട്ടം ബജറ്റിലാണ് വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടിയിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് മേലുള്ള ആഘാതമെന്നാണ് അതിനെ വിശേഷിപ്പിച്ചത്. ഇതിന് പുറമെയാണ് 2022-ല്‍ ടോറി ഗവണ്‍മെന്റ് ഇവികള്‍ക്കായി പ്രഖ്യാപിച്ച പുതിയ നിയമങ്ങള്‍ നിലനിര്‍ത്താന്‍ ചാന്‍സലര്‍ തീരുമാനിച്ചത്.
ഈ വര്‍ദ്ധനവുകളിലൂടെ വര്‍ഷത്തില്‍ 400 മില്ല്യണ്‍ പൗണ്ടാണ് ട്രഷറിയിലേക്ക് ഒഴുകുകയെന്ന് റീവ്‌സ് എംപിമാരോട് പറഞ്ഞു. എന്നാല്‍ 75 ശതമാനം വാഹന ഉടമകള്‍ക്കും ഈ മാറ്റങ്ങളെ കുറിച്ച് അറിവില്ലെന്നതാണ് വസ്തുത.