എന്‍എച്ച്എസില്‍ ഉപകരണങ്ങളുടെ ക്ഷാമം ചെറുതൊന്നുമല്ല. ഡിമാന്‍ഡ് ഉയരുന്നതിന് അനുസരിച്ച് രോഗികള്‍ക്ക് വേണ്ടിവരുന്ന ഉപകരണങ്ങളുടെ എണ്ണവും ഉയരും. ഓരോ ഹോസ്പിറ്റല്‍ ടെക്‌നീഷ്യന്റെയും ഉത്തരവാദിത്വമാണ് ഈ ഉപകരണങ്ങള്‍ വൃത്തിയായി, കൃത്യമായി പ്രവര്‍ത്തിക്കുന്ന തരത്തില്‍ നിലനില്‍ക്കുകയെന്നത്. എന്നാല്‍ ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിന് പകരം ഇത് മോഷ്ടിച്ച് വില്‍പ്പന നടത്തിയാലോ?
തന്റെ പദവി ദുരുപയോഗം ചെയ്താണ് ഒരു ആശുപത്രി ടെക്‌നീഷ്യന്‍ സുപ്രധാന എന്‍എച്ച്എസ് ഉപകരണങ്ങള്‍ കവര്‍ന്നത്. 111,000 പൗണ്ടിന്റെ ഉപകരണങ്ങള്‍ കവര്‍ന്ന് ഇ-ബേയില്‍ വില്‍പ്പന നടത്തിയ കേസില്‍ 51-കാരന്‍ മാര്‍ക്ക് ചാര്‍ട്ടേഴ്‌സിന് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്.
അനസ്‌തെറ്റിക് ഉപകരണങ്ങളും, ഫീഡിംഗ് പമ്പുകളും ഉള്‍പ്പെടെയാണ് ഇയാള്‍ ഓപ്പറേഷന്‍ തീയേറ്ററിലും, വാര്‍ഡുകളിലും നിന്ന് മോഷ്ടിച്ചത്. സ്വന്തം പോക്കറ്റിലേക്ക് പണം കണ്ടെത്താന്‍ 'ബ്രാന്‍ഡ് ന്യൂ' എന്ന് വിശേഷണം നല്‍കിയാണ് ഇയാള്‍ മോഷ്ടിച്ച വസ്തുക്കള്‍ വിറ്റിരുന്നത്.
എന്നാല്‍ ഉപകരണങ്ങള്‍ കാണാതാകുന്നത് ശ്രദ്ധിച്ച മറ്റ് ജീവനക്കാര്‍ വിവരം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് നോര്‍ത്ത് ഡുര്‍ഹാം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉപകരണങ്ങളുടെ അപ്രത്യക്ഷമാകലിന് പിന്നില്‍ ചാര്‍ട്ടേഴ്‌സാണെന്ന് തിരിച്ചറിയുന്നത്.
ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ഒളിപ്പിച്ച 68 മെഡിക്കല്‍ ഉപകരണങ്ങള്‍ ഡുര്‍ഹാം കോണ്‍സ്റ്റാബുലറി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇ-ബേ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 150-ലേറെ വസ്തുക്കള്‍ വിറ്റ് പണം നേടിയതായി വ്യക്തമായത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും മോഷ്ടിച്ച ഉപകരണങ്ങളുടെ സീരിയല്‍ നമ്പറുകള്‍ കൃത്യമാണെന്ന് കണ്ടെത്തിയതോടെ ഇയാള്‍ കുടുങ്ങുകയായിരുന്നു.