സതേണ്‍ അയര്‍ലണ്ടിലെ കൗണ്ടി കാര്‍ലോവ് പട്ടണത്തിലുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മറ്റ് രണ്ട് പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കറുത്ത് ഔഡി എ6 കാര്‍ റോഡില്‍ നിന്നും തെന്നിമാറി മരത്തിലിടിച്ചാണ് അപകടം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.
കാര്‍ലോവ് പട്ടണത്തിന് സമീപമുള്ള ഗ്രെയ്ഗുനാസ്പിഡോഗിലാണ് അപകടം നടന്നത്. ചെറുകുറി സുരേഷ് ചൗധരി, ഭാര്‍ഗവ് ചിട്ടൂരി എന്നിവരാണ് മരിച്ചതെന്ന് ഐറിഷ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി അനുശോചനം അറിയിച്ചു.
കാര്‍ അപകടത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഐറിഷ് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഡബ്ലിനിലെ ഇന്ത്യന്‍ എംബസി ഇരകളുടെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്.
20-കളില്‍ പ്രായമുള്ള രണ്ട് പേര്‍ക്കാണ് പരുക്കേറ്റിട്ടുള്ളത്. കില്‍കെനിയിലുള്ള സെന്റ് ലൂക്ക്‌സ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള ഇവരുടെ പകുക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് അപകടമില്ലെന്നാണ് റിപ്പോര്‍ട്ട്. മൗണ്ട് ലെയിന്‍സ്റ്റര്‍ ഏരിയയില്‍ നിന്നും കാര്‍ലോയിലേക്ക് വരവെയാണ് കാര്‍ അപകടത്തില്‍ പെട്ടതെന്ന് കാര്‍ലോ ഗാര്‍ഡാ സ്‌റ്റേഷന്‍ സൂപ്രണ്ട് ആന്തണി ഫാരെല്‍ പറഞ്ഞു. കാറില്‍ യാത്ര ചെയ്തവരെല്ലാം ഇന്ത്യക്കാരായിരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
അപകടത്തില്‍ പെട്ടവര്‍ സൗത്ത് ഈസ്റ്റ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥികളാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്നവരാണ്. മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങളും, മറ്റ് ചെലവുകള്‍ക്കുമായി ഫണ്ട് റെയ്‌സിംഗ് ആരംഭിച്ചിട്ടുണ്ട്.