ലിവര്‍പൂളില്‍ തയ്യാറാക്കാന്‍ ഇരുന്ന 450 മില്ല്യണ്‍ പൗണ്ടിന്റെ വാക്‌സിന്‍ നിര്‍മ്മാണ പ്ലാന്റ് റദ്ദാക്കി ആസ്ട്രാസെനെക. പുതിയ ലേബര്‍ ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ഫണ്ടിംഗ് തീരെ കുറവാണെന്നതാണ് കാരണമായി വ്യക്തമാക്കുന്നത്. ടോറികളുടെ സ്പ്രിംഗ് ബജറ്റില്‍ പ്രഖ്യാപിച്ച നിക്ഷേപം ട്രഷറിയും, മറ്റ് കക്ഷികളുമായുള്ള പരസ്പര ധാരണയിലായിരുന്നു.
എന്നാല്‍ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത രീതിയിലുള്ള നിക്ഷേപമാണ് ഇപ്പോഴത്തെ ലേബര്‍ ഗവണ്‍മെന്റ് ഓഫര്‍ ചെയ്യുന്നതെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ വമ്പന്‍ വ്യക്തമാക്കി. 'നിലവിലെ ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഞങ്ങള്‍ ഉദ്ദേശിച്ച നിക്ഷേപവുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. വിവിധ കാര്യങ്ങള്‍ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗവണ്‍മെന്റിന്റെ അന്തിമ ഓഫര്‍ ചുരുങ്ങിയത് ഒരു കാരണമാണ്', ആസ്ട്രാസെനെക വക്താവ് അറിയിച്ചു.
സ്‌പെകെയിലെ ഒരു സൈറ്റ് വികസിപ്പിച്ചാണ് പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഇത് ലിവര്‍പൂളില്‍ പുതിയ ആത്മവിശ്വാസത്തിനും, യുകെയുടെ ലൈഫ് സയന്‍സ് മേഖലയില്‍ ഉണര്‍വിനും ഇടയാക്കിയിരുന്നു. എന്നാല്‍ സ്‌പെകെയിലെ നിലവിലെ സംവിധാനത്തില്‍ നിന്ന് കൊണ്ടുള്ള വാക്‌സിന്‍ ഉത്പാദനം മാത്രമാണ് തുടരുകയെന്ന് ആസ്ട്രാസെനെക ഇപ്പോള്‍ അറിയിക്കുന്നു.
അതേസമയം ആസ്ട്രാസെനെകയുടെ നിക്ഷേപ രീതിയില്‍ ഉണ്ടായ മാറ്റമാണ് ഗവണ്‍മെന്റ് ഓഫര്‍ കുറയാന്‍ ഇടയാക്കിയതെന്നാണ് ഗവണ്‍മെന്റ് വക്താവിന്റെ വിശദീകരണം. നികുതിദായകന്റെ പണം നല്‍കുമ്പോള്‍ അതിന് അനുസരിച്ചുള്ള മൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാകണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഈ പദ്ധതിയില്‍ അത്തരമൊരു പരിഹാരം ഉടലെടുത്തില്ല, വക്താവ് കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക മേഖലയില്‍ വളര്‍ച്ച തിരിച്ചെത്തിക്കുമെന്ന് പ്രഖ്യാപിച്ച ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഈ വാര്‍ത്ത പുതിയ തിരിച്ചടിയാണ്.