ബ്രിട്ടനിലേക്ക് കുടിയേറ്റക്കാരുടെ വരവ് തടയണോ, നിയന്ത്രിക്കണോ എന്നത് സംബന്ധിച്ച് ഇപ്പോഴും ഭരണകൂടത്തിന് ആശങ്ക അവസാനിച്ചിട്ടില്ല. എന്നാല്‍ വരും വര്‍ഷങ്ങളിലും കുടിയേറ്റക്കാരുടെ എണ്ണമേറുന്നതില്‍ കുറവ് വരില്ലെന്നും, ഇത് കനത്ത സാമ്പത്തിക ഭാരം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഒരു ദശകത്തിനുള്ളില്‍ യുകെയിലെ കുടിയേറ്റക്കാരുടെ എണ്ണം നാലിലൊന്നായി ഉയരുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. നികുതിദായകന് 234 പൗണ്ട് ചെലവാണ് കുടിയേറ്റ പ്രതിസന്ധി വരുത്തിവെയ്ക്കുന്നതെന്നാണ് ഒരു പഠനം പറയുന്നത്. അതായത് ഓരോ കുടുംബത്തിനും 8200 പൗണ്ട് നികുതിഭാരമാണ് ഇതിനായി താങ്ങേണ്ടി വരുന്നത്.
കണക്കുകള്‍ പ്രശ്‌നമാണെന്ന് ചൂണ്ടിക്കാണിച്ച ടോറി നേതാവ് കെമി ബാഡെനോക് അമൂല്യമായ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കണ്‍വെയര്‍ ബെല്‍റ്റായി മാറുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ലേബര്‍ പാര്‍ട്ടിയുടെ നയങ്ങള്‍ ഇമിഗ്രേഷന്‍ തടയുന്നതില്‍ രാജ്യത്തിന് താങ്ങാവുന്നതിലും അപ്പുറമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
2035 ആകുന്നതോടെ കുടിയേറ്റക്കാരുടെ എണ്ണം നാലിലൊന്നായി മാറുമെന്ന് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ കണ്‍ട്രോള്‍ കണ്ടെത്തി. ജനസംഖ്യ 2035-ല്‍ 75.36 മില്ല്യണായി ഉയരുമെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നു. ഇതില്‍ 18.2 മില്ല്യണ്‍ ആളുകളും വിദേശത്ത് ജനിച്ചവരായിരിക്കുമെന്ന് സിഎംസി കണക്കുകള്‍ പറയുന്നു.
ഒഎന്‍എസ് കണക്കുകള്‍ പരിശോധിച്ചാണ് വിദേശത്ത് ജനിച്ച ആളുകള്‍ യുകെയിലേക്ക് വരുന്നതിന്റെ തോത് കണക്കാക്കിയത്. കൂടാതെ എത്രത്തോളം ആളുകള്‍ രാജ്യത്തിന് പുറത്തേക്ക് പോകുമെന്നും, മരിക്കുമെന്നും ഇതില്‍ ഉള്‍പ്പെടുന്നു.