ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാല്‍ പലസ്തീന്‍ ജനതയ്ക്ക് അവിടേക്ക് മടങ്ങാന്‍ അവകാശമുണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഗാസയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന പലസ്തീനികള്‍ക്ക് അറബ് രാജ്യങ്ങളില്‍ മികച്ച പാര്‍പ്പിട സൗകര്യം ഒരുക്കും.
പലസ്തീനികള്‍ക്കായി സ്ഥിരം താമസ കേന്ദ്രം ഒരുക്കുന്നതിനെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും ഗാസയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. അറബ് രാജ്യങ്ങളില്‍ മികച്ച താമസ സൗകര്യമൊരുക്കിയാല്‍ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരില്ലന്നും ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ഇന്ന് പ്രസിഡന്റ് ട്രംപ് ജോര്‍ഡന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയില്‍ പലസ്തീനികളെ മാറ്റിപാര്‍പ്പിക്കാന്‍ ട്രംപ് ആവശ്യപ്പെടും.
ഗാസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. 'ഗാസ ഇടിച്ചുനിരത്തിയ ഇടമാണ്. അവശേഷിക്കുന്നതും പൂര്‍ണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ ഒരു വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥലമാണ്. അമേരിക്ക അതു സ്വന്തമാക്കും. മനോഹരമായി പുനര്‍നിര്‍മിക്കുമെന്നും അദേഹം പറഞ്ഞു.