വീട്ടില്‍ നിന്നും നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ റിപ്പോര്‍ട്ട് സുപ്രീം കോടതി പുറത്ത് വിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കത്തിയ നിലയില്‍ കറന്‍സി നോട്ടുകള്‍ കണ്ടെത്തി എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പാതി കത്തിയ നോട്ട് കെട്ടുകള്‍ കണ്ടെത്തി. സ്റ്റോര്‍ റൂമിലാണ് ഇത് സൂക്ഷിച്ചിരുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തലുകള്‍. തനിക്കെതിരെ ഗൂഢാലോചനയെന്നും നോട്ടിനെക്കുറിച്ച് അറിയില്ലെന്നാണ് ജഡ്ജിയുടെ വിശദീകരണം. തനിക്കെതിരായ നീക്കമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം ഉപയോഗിക്കുന്ന മുറി എന്നും വിശദീകരണം.
ദില്ലി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് തന്നെ അന്വേഷണ കമ്മീഷന്‍ യോഗം ചേരും. ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ ഉള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കും. പാര്‍ലമെന്റില്‍ പ്രതിപക്ഷം ഈ വിഷയം ആയുധമാക്കും എന്നിരിക്കെ കേന്ദ്രത്തിന് മറുപടി പറയാന്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് അനിവാര്യമാണ്. അതു കൊണ്ടു തന്നെ അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഉള്ള നീക്കങ്ങളും നടത്തുന്നുണ്ടെന്നാണ് സൂചന.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് എതിരായ അന്വേഷണത്തിന് മൂന്നംഗ ജുഡീഷ്യല്‍ സമിതി രൂപീകരിച്ചിരുന്നു.