ഇന്ത്യ ആക്രമിച്ചത് ഭീകര ക്യാമ്പുകളെ മാത്രമെന്ന് വ്യക്തമാക്കി തെളിവുകള്‍ നിരത്തി സൈന്യത്തിന്റെ വാര്‍ത്താ സമ്മേളനം. ഓപ്പറേഷന്‍ സിന്ദൂരിന്റെ വിശദാംശങ്ങള്‍ അടക്കം വിശദീകരിച്ചത് സൈന്യത്തിന്റെ വനിത സൈനിക ഉദ്യോഗസ്ഥരാണ്. കരസേനയില്‍ നിന്ന് സോഫിയ ഖുറേഷിയും വ്യോമസേനയില്‍ നിന്ന് വ്യോമിക സിങുമാണ് ഓപ്പറേഷന്‍ സിന്ദൂരിലെ വിശദാംശങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ തെളിവുകളടക്കം വിശദീകരിച്ചത്. ആക്രമണത്തില്‍ തകര്‍ന്ന ഭീകരക്യാമ്പുകളുടെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ഇന്ത്യ വാര്‍ത്ത സമ്മേളനത്തില്‍ കൃത്യമായ മറുപടി നല്‍കിയത്.
കഴിഞ്ഞ 3 പതിറ്റാണ്ടായി പാകിസ്ഥാന്‍ വളര്‍ത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യയുടെ സംയുക്ത സേന തകര്‍ത്തതെന്ന് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡല്‍ വ്യോമിക സിങ്ങും വ്യക്തമാക്കി. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍ സിന്ദൂരെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സാധാരണ ജനങ്ങള്‍ക്ക് യാതൊരു പ്രശ്നവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്നും സൈന്യം വ്യക്തമാക്കി.
ഒരു സര്‍ജറി നടത്തുന്നത്ര 'ക്ലിനിക്കല്‍ പ്രിസിഷനോടെ'യാണ് സൈന്യം ആക്രമണം നടത്തിയതെന്നും ദൃശ്യങ്ങള്‍ കാണിച്ച് വിങ് കമാന്‍ഡര്‍ വ്യോമിക സിങ് വ്യക്തമാക്കി. ആക്രമണത്തിന് മുമ്പ് ആക്രമണ കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും ശേഷമുള്ള ദൃശ്യങ്ങളും തെളിവായി നിരത്തി. പഹല്‍ഗാം ഭീകരാക്രണത്തിന് തിരിച്ചടി നല്‍കി ഓപ്പറേഷന്‍ സിന്ദൂര്‍ അരങ്ങേറി മണിക്കൂറുകള്‍ക്കകം വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംയുക്ത സേനകള്‍ ആക്രമണം നടന്നത് എങ്ങനെയെന്ന് വിവരിച്ചത്.