ലഹരിക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള കത്തോലിക്ക സഭ ഇന്ന് മദ്യ വിരുദ്ധ ഞായര്‍ ആചരിക്കും. വിശ്വാസികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി ഇന്നത്തെ കുര്‍ബാനയ്ക്കിടയില്‍ പ്രത്യേക സര്‍ക്കുലര്‍ വായിക്കും. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളുമാണ് സര്‍ക്കുലറില്‍ ഉള്ളത്.
തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയുമെന്ന് സഭയുടെ സര്‍ക്കുലറില്‍ വിമര്‍ശിക്കുന്നു. ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങളെയും സഭ വിമര്‍ശിക്കുന്നു.
നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു. പ്രായപൂര്‍ത്തിയാകാത്തവരുടെ ഗുണ്ടാസംഘങ്ങള്‍ ലഹരിയില്‍ അക്രമം നടത്തുമ്പോള്‍ അധികാരികളുടെ കണ്ണ് അടഞ്ഞു തന്നെയാണന്നും സര്‍ക്കുലറില്‍ വിമര്‍ശനം ഉയര്‍ന്നു. അത് കൂടാതെ മദ്യ-രാസ ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു.
സ്‌കൂള്‍, കോളേജ് തലങ്ങളിലും മതബോധന ക്ലാസിലും ലഹരിവിരുദ്ധത പഠിപ്പിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ലഹരിയെ ഫലപ്രദമായി നേരിടുന്നതിനും തരണം ചെയ്യാനുളള മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായറായി ഇന്ന് ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു.