തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയിലേക്ക് പേരുകള്‍ നിര്‍ദേശിച്ച് കത്തോലിക്കാ സഭ നേതൃത്വം. പത്തനംതിട്ടയില്‍ നിന്നുള്ള എംപി ആന്റോ ആന്റണി, പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. സഭാ താല്‍പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസില്‍ നിന്നുള്ള മറ്റു മുതിര്‍ന്ന നേതാക്കള്‍ എന്നിവരെ കണ്ടാണ് ബിഷപ്പുമാര്‍ നിലപാട് അറിയിച്ചത്. കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്റെ പേര് ഉയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
ക്രൈസ്തവ സഭാ വിശ്വാസികളെ വിശ്വാസത്തിലെടുക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഉയരുന്നതിനിടെയാണ് സഭാ നേതൃത്വവുമായി ആശയവിനിമയം നടന്നത്. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍, തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അടക്കമുള്ളവരാണ് കെ സി വേണുഗോപാലിന്റെ പേര് നിര്‍ദേശിച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളില്‍ സുധാകരന്റെ താല്‍പര്യം കൂടി പരിഗണിച്ചേക്കും. ആന്റോ ആന്റണിക്കാണ് പ്രഥമ പരിഗണനയെന്നാണ് വിവരം.
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമന്‍ കാത്തലിക് വിഭാഗത്തില്‍ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പുകള്‍ നയിക്കാന്‍ പുതുനേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോര്‍ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടന്‍ കടക്കും. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ഈ കമ്മിറ്റി. മുന്‍ കെപിസിസി അധ്യക്ഷക്ഷന്‍മാര്‍ ഉള്‍പ്പെടെ 11 പേരെ ഉള്‍പ്പെടുത്തും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉള്‍പ്പെടെ ചുമതല ഈ കമ്മിറ്റിക്കായിരിക്കും.