ആരെക്കുറിച്ചും താന്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയോ ഡിജിപിയോ ആയിരിക്കും തനിക്കെതിരായ കേസിന് പിന്നിലെന്നും മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ. ആരെയും ഭയക്കുന്നില്ലെന്നും അദേഹം പറഞ്ഞു. ജാമ്യം ലഭിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദേഹം. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ഷര്‍ട്ട് പോലും ധരിക്കാനുള്ള സാവകാശം നല്‍കാതെ തന്നെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച ഷാജന്‍ സ്‌കറിയ പിണറായിസം തുലയട്ടെ എന്ന മുദ്രാവാക്യവും വിളിച്ചിരുന്നു.
ഇന്നലെ രാത്രി തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്. മാഹി സ്വദേശിനി ഗാന വിജയന്‍ നല്‍കിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയയ്ക്കെതിരെ കേസ് എടുത്ത്.
'പ്രായമായ അപ്പന്റെയും അമ്മയുടെയും മുന്നില്‍ നിന്ന് തന്നെ പിടിച്ചുകൊണ്ടുവന്നു. കേസെന്തെന്ന് തന്നോട് പറഞ്ഞിട്ടില്ല. മകള്‍ക്ക് വേണ്ടി അഴിമതി നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ അവസാനം വരെ നിലകൊള്ളും. പിണറായിസം തുലയട്ടെ. ഷര്‍ട്ടിടാന്‍ പൊലീസ് അനുവദിച്ചില്ല. കേസിന്റെ വിവരങ്ങള്‍ പൊലീസ് സ്റ്റേഷനിലെത്തിയ ശേഷം പറയാമെന്ന് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ ജയിലിലേക്ക് പോകുന്നു'- എന്നും ഷാജന്‍ പ്രതികരിച്ചു.
2024 ഡിസംബര്‍ 23 ന് മറുനാടന്‍ മലയാളിയുടെ ഓണ്‍ലൈന്‍ ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്.
ഹണി ട്രാപ്പിലൂടെ ലൈംഗീക വാഗ്ദാനം നല്‍കി പണം തട്ടുന്നുവെന്ന് വാര്‍ത്ത നല്‍കി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.