ഇന്ത്യന്‍ പൗരന്‍മാരായി രണ്ട് തവണ അഭയാര്‍ത്ഥിത്വത്തിന് ശ്രമിച്ച പരാജയപ്പെട്ട പഞ്ചാബി കുടുംബം പിന്നീട് അഫ്ഗാന്‍ അഭയാര്‍ത്ഥികളെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയപ്പോഴാണ് ബ്രിട്ടീഷ് അധികൃതര്‍ പിടികൂടുന്നത്. എന്നാല്‍ തങ്ങള്‍ ഒരു ഇമിഗ്രേഷന്‍ കുറ്റവും ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ യുകെ കോടതിയില്‍ ഈ കുടുംബം അവകാശപ്പെട്ടിരിക്കുന്നത്.
72-കാരന്‍ ഗുര്‍ബാക്ഷ് സിംഗ്, ഭാര്യ 68-കാരി അര്‍ദെത് കൗര്‍, മകന്‍ 44-കാരന്‍ ഗുല്‍ജീത് സിംഗ്, ഇയാളുടെ ഭാര്യ 37-കാരി കാവല്‍ജീത് കൗര്‍ എന്നിവരാണ് 2023 ഡിസംബറില്‍ ഹീത്രൂ വിമാനത്താവളത്തില്‍ വന്നിറങ്ങുകയും, ക്ലെയിം ഉന്നയിക്കുകയും ചെയ്തത്. എന്നാല്‍ ഇതിന് മുന്‍പ് രണ്ട് വട്ടം ഇന്ത്യന്‍ പൗരന്‍മാരായി ഇവര്‍ വിസകള്‍ നേടാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.
ക്രോയ്‌ഡോണ്‍ ക്രൗണ്‍ കോടതിയില്‍ പഞ്ചാബി പരിഭാഷകന്റെ സഹായത്തോടെയാണ് ഇവര്‍ ഹാജരായത്. കേസ് തങ്ങള്‍ പോരാടുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 2-നാണ് ഏഴ് ദിവസത്തെ വിചാരണ നിശ്ചയിച്ചിരിക്കുന്നത്. യുകെയില്‍ അനുമതിയില്ലാതെ പ്രവേശിച്ചതിന് ചുമത്തിയ കുറ്റങ്ങളെല്ലാം ഇവര്‍ നിഷേധിക്കുന്നുണ്ട്.
പാസ്‌പോര്‍ട്ട് പോലുമില്ലാതെ യുകെയില്‍ എത്തിയെന്നതിലും, ഇമിഗ്രേഷന്‍ രേഖകളും, പൗരത്വം തെളിയിക്കാനും കഴിയാതെ രാജ്യത്ത് തുടര്‍ന്നതുമായ കുറ്റങ്ങളും ഇവര്‍ നിഷേധിക്കുന്നു. അടുത്ത വര്‍ഷം കേസ് പരിഗണിക്കുന്നത് വരെ ഇവര്‍ക്ക് നിബന്ധനകളില്ലാതെ ജാമ്യവും നല്‍കി. മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ തെരുവുകളില്‍ തങ്ങളെ തടയുകയും, തിരിച്ചറിയുകയും ചെയ്യുന്നുവെന്ന് കുടുംബം പരാതിപ്പെട്ടെങ്കിലും റിപ്പോര്‍ട്ടിംഗ് തടയണമെന്ന ആവശ്യം കോടതി തള്ളി.