ലേബര്‍ പാര്‍ട്ടിയുടെ ഏറ്റവും അനുകൂലമായ യൂണിയനായിട്ടും ബര്‍മിംഗ്ഹാമിലെ ബിന്‍ ജോലിക്കാരുടെ സമരം അവസാനിപ്പിക്കാന്‍ കഴിയാതെ വന്നത് നാണക്കേടാകുന്നു. ബിന്‍ ജോലിക്കാര്‍ സമ്പൂര്‍ണ്ണ പണിമുടക്ക് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ഒത്തുതീര്‍പ്പ് സൃഷ്ടിക്കാന്‍ കൗണ്‍സിലും, രാജ്യവും ഭരിക്കുന്ന ലേബറിന് സാധിക്കാതെ വന്നതാണ് നാണക്കേടായി മാറുന്നത്.
പ്രതിസന്ധി അവസാനിപ്പിക്കാന്‍ കൗണ്‍സില്‍ മുന്നോട്ട് വെച്ച കരാര്‍ അംഗീകരിക്കാന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും യുണൈറ്റ് യൂണിയന്‍ തള്ളിക്കളഞ്ഞു. മാലിന്യം കൂമ്പാരമായി കുമിഞ്ഞ് കൂടിയതോടെ തെരുവുകള്‍ ചീഞ്ഞളിഞ്ഞ്, എലികള്‍ നെട്ടോട്ടം ഓടിനടക്കുന്ന കാഴ്ചയാണ് ബര്‍മിംഗ്ഹാമിലുള്ളത്.
എന്നാല്‍ കൗണ്‍സില്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ യുണൈറ്റ് അംഗങ്ങള്‍ ഇപ്പോള്‍ വന്‍ഭൂരിപക്ഷത്തില്‍ തള്ളുകയാണ് ചെയ്തത്. ഏതാനും ചിലരെ മാത്രം സംരക്ഷിക്കുന്ന ഭാഗിക കരാറാണ് അംഗങ്ങള്‍ തള്ളിയതെന്ന് യുണൈറ്റ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ നിലനിര്‍ത്തിയാണ് കൗണ്‍സില്‍ ഓഫര്‍ നല്‍കിയത്. 200 ഡ്രൈവര്‍മാരുടെ ശമ്പളം കുറയ്ക്കുന്ന വിഷയത്തില്‍ കരാര്‍ ഒരക്ഷരം മിണ്ടുന്നില്ലെന്ന് യൂണിയന്‍ ചൂണ്ടിക്കാണിച്ചു.
ഈ തോതില്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് താങ്ങാന്‍ കഴിയില്ല, അതുകൊണ്ട് തന്നെ കരാര്‍ തള്ളിയതില്‍ അത്ഭുതം വേണ്ടെന്ന് യൂണിയന്‍ വ്യക്തമാക്കി. വിഷയത്തില്‍ ഗവണ്‍മെന്റ് ഇടപെട്ട് സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് യൂണിയന്‍ നിലപാട് എടുക്കുന്നു. ഇപ്പോള്‍ മാലിന്യ നീക്കത്തില്‍ സഹായിക്കാന്‍ സൈനിക സഹായവും ഗവണ്‍മെന്റ് ലഭ്യമാക്കിയിട്ടുണ്ട്.