യേശുദേവന്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും നടന്നു. 50 നോന്‍പ് പൂര്‍ത്തിയാക്കിയ വിശ്വാസികള്‍ക്കിന്ന് ആഘോഷദിവസമാണ്.
ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നേരം പുലരും വരെ തുടര്‍ന്നു. എറണാകുളം തിരുവാങ്കുളം സെന്റ് ജോര്‍ജ് ദേവാലയത്തിലെ തിരുക്കര്‍മങ്ങളില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായി. കോട്ടയം വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് മലങ്കര കത്തോലിക്കാ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപത അര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി. ഈസ്റ്റര്‍ നല്‍കുന്നത് പ്രത്യാശയുടെ സന്ദേശമെന്നും ലോകത്തിന് ഇപ്പോള്‍ ഏറ്റവും ആവശ്യം പ്രത്യാശയാണെന്നും ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ പറഞ്ഞു. കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷ ചടങ്ങുകളില്‍ ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന പ്രത്യാശ വേണമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.