ക്യാന്‍സര്‍ പോരാട്ടത്തിനെതിരായ മനുഷ്യകുലത്തിന്റെ ഓരോ ചുവടും സുപ്രധാനമാണ്. ഒളിച്ചിരിക്കുന്ന എതിരാളിയെ പോലെ ഏത് നിമിഷവും ശരീരത്തെ കടന്നാക്രമിച്ച് ജീവന്‍ കവരാന്‍ കെല്‍പ്പുള്ള ക്യാന്‍സര്‍ രോഗത്തിനെതിരായ പ്രതിരോധം ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. ഇതില്‍ ഒരു സുപ്രധാന നാഴികക്കല്ല് കൂടി താണ്ടിയിരിക്കുകയാണ് എന്‍എച്ച്എസ്.
15 വ്യത്യസ്ത തരം രോഗങ്ങള്‍ ചികിത്സിക്കാന്‍ കഴിയുന്ന പുതിയ ക്യാന്‍സര്‍ സൂപ്പര്‍ ഇഞ്ചക്ഷനാണ് എന്‍എച്ച്എസ് ലഭ്യമാക്കുന്നത്. ആയിരക്കണക്കിന് രോഗികള്‍ക്ക് ഫാസ്റ്റ്ട്രാക്ക് അടിസ്ഥാനത്തില്‍ ഇത് നല്‍കും. ഈ ഇഞ്ചക്ഷന്റെ സഹായത്തോടെ ആളുകള്‍ക്ക് രണ്ടാഴ്ചയിലോ, പ്രതിമാസമോ ഇമ്മ്യൂണോതെറാപ്പി ചികിത്സ അഞ്ച് മിനിറ്റില്‍ നേടാന്‍ കഴിയും. ഇത് ക്യാന്‍സറിനെതിരായ പോരാട്ടത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിടുമെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്.
നിലവിലെ ചികിത്സയില്‍ നിവോലുമാബ് എന്നറിയപ്പെടുന്ന മരുന്ന് ഐവി ഡ്രിപ്പ് വഴി നല്‍കാന്‍ ഒരു മണിക്കൂറെങ്കിലും വേണ്ടിവരും. വര്‍ഷം മുഴുവനും ചികിത്സ വേണ്ടിവരുന്ന രോഗികള്‍ക്ക് വലിയ തോതില്‍ സമയം ലാഭിക്കാനും, ആശുപത്രിയില്‍ കുറച്ച് സമയം മാത്രം ചെലവിടുന്നതിനാല്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ രോഗികളെ പരിചരിക്കാനും ഇത് സ്വാതന്ത്ര്യം നല്‍കും.
സ്‌കിന്‍, ബവല്‍, സ്റ്റൊമക്, കിഡ്‌നി, ബ്ലാഡര്‍, ശ്വാസകോശം, തല, കഴുത്ത്, ഈസോഫാഗസ് എന്നിവിടങ്ങളിലേത് ഉള്‍പ്പെടെ 15 തരം ക്യാന്‍സറുകള്‍ക്കെതിരെ ഇംഗ്ലണ്ടിലെ 1200 രോഗികള്‍ക്കെങ്കിലും പുതിയ സൂപ്പര്‍ ഇഞ്ചക്ഷന്‍ ഗുണം ചെയ്യുമെന്നാണ് കണക്ക്. ക്യാന്‍സര്‍ പരിചരണത്തില്‍ സുപ്രധാന മുന്നേറ്റം നല്‍കുന്ന ഈ ചികിത്സ ജീവിതങ്ങളെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്.
യുകെ മെഡിസിന്‍ റെഗുലേറ്റര്‍ മെസിഡിസന്‍സ് & ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി ഈ ചികിത്സയ്ക്ക് പച്ചക്കൊടി വീശിയതോടെയാണ് ഇത് രോഗികള്‍ക്ക് ലഭ്യമാകുന്നത്. ക്ലിനിക്കല്‍ ട്രയല്‍സില്‍ മൂന്ന് മുതല്‍ അഞ്ച് മിനിറ്റില്‍ ചര്‍മ്മത്തിന് അടിയിലൂടെ എടുക്കുന്ന ഇഞ്ചക്ഷനില്‍ രോഗികളും ഏറെ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു.