പഹല്‍ഗാം ഭീകരാക്രമണത്തില്‍ സമാധാനപരമായി പ്രതിഷേധിച്ച ഇന്ത്യന്‍ വംശജര്‍ക്ക് നേരെ ലണ്ടനിലെ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ 'തലയറുക്കുന്ന' ആംഗ്യം കാണിക്കുകയും, ഉച്ചത്തില്‍ പാട്ടുവെച്ച് ശ്രദ്ധ തിരിക്കാനും ശ്രമിച്ചത് ബ്രിട്ടനെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം ഇന്ത്യന്‍ പ്രചരണം മാത്രമാണെന്നും, ഇത് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാകിസ്ഥാനികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തെ 'ഒതുക്കി' ഇന്ത്യന്‍ വംശജരുടെ ഒത്തുകൂടല്‍.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നിലേക്ക് നൂറുകണക്കിന് ഇന്ത്യന്‍ വംശജര്‍ പിന്തുണ അറിയിച്ച് ഞായറാഴ്ച ഒത്തുകൂടിയതോടെയാണ് പാക് വംശജര്‍ നാണംകെട്ടത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ടൂറിസ്റ്റുകളെ മതം ചോദിച്ച ശേഷം വെടിവെച്ച് കൊന്നുവെന്ന വാര്‍ത്ത ആഗോള തലത്തില്‍ തന്നെ ഞെട്ടല്‍ സമ്മാനിച്ചിരുന്നു.
ഇന്ത്യന്‍ ഹൈക്കമ്മീഷന് എതിര്‍ വശത്തേക്ക് ഏകദേശം 50-ഓളം പേരാണ് പാക് പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്. എന്നാല്‍ നൂറുകണക്കിന് ഇന്ത്യന്‍ വംശജര്‍ മിഷന് മുന്നിലേക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയതോടെ പാകിസ്ഥാന്‍ പ്രതിഷേധം അപ്രസക്തമായി. ഇന്ത്യന്‍ വിഭാഗത്തിന്റെ മേഖല പോലീസ് ബാരിക്കേഡ് വെച്ച് തിരിച്ചിരുന്നു. സ്പീക്കര്‍ കൂടി ഉപയോഗിച്ച് ഇന്ത്യന്‍ ദേശീയ ഗാനവും, വന്ദേ മാതരവും, ഭാരത് മാതാ കീ ജയ് വിളികളും ഉയര്‍ത്തിയതോടെ പാക് വംശജര്‍ നാണക്കേടിലായി.
അതേസമയം ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയ ശേഷം പാക് വംശജര്‍ എന്തിന് വേണ്ടിയാണ് പ്രതിഷേധിക്കുന്നതെന്ന് ഇന്ത്യന്‍ വംശജര്‍ ചോദിക്കുന്നു. പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ നടത്തിയ 'കഴുത്തറുക്കല്‍' ആംഗ്യം ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ ആയുധമാക്കുന്നുണ്ട്. അതേസമയം ലണ്ടന്‍ തെരുവുകളില്‍ ഇന്ത്യ-പാകിസ്ഥാന്‍ രാഷ്ട്രീയം ചര്‍ച്ചയാകുന്നത് രാജ്യത്തെ തീവ്ര വലതുകാരെ രോഷത്തിലാക്കുന്നുണ്ട്. നിങ്ങളുടെ ദേശീയ വിഷയങ്ങള്‍ മറ്റെവിടെയെങ്കിലും തീര്‍ക്കാനാണ് റിഫോം യുകെ ഡെപ്യൂട്ടി നേതാവ് റിച്ചാര്‍ഡ് ടൈസ് ഉപദേശിക്കുന്നത്.