ബ്രിട്ടനില്‍ ജോലി ചെയ്യുന്നതില്‍ നല്ലൊരു തുക വാടകയ്ക്ക് താമസിക്കുന്നതിനായി ചെലവാക്കേണ്ട അവസ്ഥയാണ് പലരും നേരിടുന്നത്. ഒരു മോര്‍ട്ട്‌ഗേജ് എടുത്ത് ഒരു വീട് സ്വന്തമായി വാങ്ങുന്നതിനെ കുറിച്ച് പലരും ചിന്തിക്കുന്നത് ഈ മാനംമുട്ടെ ഉയരുന്ന വാടക നിരക്കുകള്‍ കൊണ്ടുതന്നെ. ഇപ്പോള്‍ ബ്രിട്ടനിലെ വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡ് താണ്ടിയെന്നാണ് റൈറ്റ്മൂവ് പുറത്തുവിടുന്ന ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലണ്ടന് പുറത്തുള്ള വീടുകള്‍ക്ക് പ്രതിമാസ വാടക ഇപ്പോള്‍ 1349 പൗണ്ടിലേക്ക് എത്തിയെന്നാണ് പ്രോപ്പര്‍ട്ടി പോര്‍ട്ടല്‍ പറയുന്നത്. അതേസമയം തലസ്ഥാനത്ത് തുടര്‍ച്ചയായ പതിനാലാം വട്ടവും റെക്കോര്‍ഡ് സൃഷ്ടിച്ച് പ്രതിമാസ വാടക 2698 പൗണ്ടിലുമെത്തി.
എന്നിരുന്നാലും വാടക വിപണിയില്‍ ശരാശരി നിരക്കുകള്‍ 2020 മുതലുള്ള വേഗതയില്‍ വര്‍ദ്ധിച്ചിട്ടില്ലെന്ന് റൈറ്റ്മൂവ് ചൂണ്ടിക്കാണിച്ചു. കാല്‍ശതമാനം റെന്റല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് പരസ്യം ചെയ്തിട്ടുള്ള നിരക്കുകള്‍ കുറഞ്ഞതായും പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് വ്യക്താക്കി. 2018 മുതലുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ ഇടിവ്.
ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ ലണ്ടന് പുറത്തുള്ള വിപണിയിലേക്ക് ലിസ്റ്റ് ചെയ്യപ്പെട്ട പുതിയ പ്രോപ്പര്‍ട്ടികളുടെ നിരക്ക് 0.6 ശതമാനമാണ് വര്‍ദ്ധിച്ചത്. ലണ്ടന്‍ റെന്റ് 0.1 ശതമാനവും ഉയര്‍ന്നു. റെന്റല്‍ വിപണിയില്‍ കൂടുതല്‍ വീടുകള്‍ ലഭ്യമാകുന്നതാണ് നിരക്ക് വര്‍ദ്ധന താഴാന്‍ ഇടയാക്കുന്നതെന്നാണ് കരുതുന്നത്. മാര്‍ച്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ 11 ശതമാനമാണ് വര്‍ദ്ധന.
വാടകക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിന്റെ പരമാവധിയിലേക്ക് വാടക നിരക്കുകള്‍ എത്തിക്കഴിഞ്ഞെന്നാണ് വാടക വര്‍ദ്ധന മെല്ലെപ്പോക്കിലേക്ക് നീങ്ങുന്നത് സൂചിപ്പിക്കുന്നത്. 2020 മുതല്‍ വാടക നിരക്കുകളില്‍ 40 ശതമാനം വര്‍ദ്ധനവാണ് നേരിട്ടത്. ഇത് മൂലം വാടകയ്ക്ക് ആളെ കിട്ടാന്‍ ഇപ്പോള്‍ ലാന്‍ഡ്‌ലോര്‍ഡ്‌സും, ഏജന്റുമാരും നിരക്ക് കുറയ്‌ക്കേണ്ട അവസ്ഥയിലാണ്.