CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 41 Minutes 56 Seconds Ago
Breaking Now

ലളിതം, സുന്ദരം! പോപ്പ് ഫ്രാന്‍സിസിന്റെ കല്ലറയുടെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു; ഒരു വെളുത്ത റോസാപ്പൂവും, ലളിതമായ പേരെഴുത്തും മാത്രം; അന്ത്യവിശ്രമം കൊള്ളുന്ന ഇടത്തേക്ക് ഒഴുകി ആയിരങ്ങള്‍; ജീവിച്ചിരിക്കുമ്പോള്‍ നയിച്ച ലളിതജീവിതം വെളിപ്പെടുത്തി താമസിച്ചിരുന്ന ബെഡ്‌റൂമിന്റെ ചിത്രങ്ങള്‍

പോപ്പായ ശേഷം കാസാ സാന്റാ മാര്‍ത്തയിലെ ലളിതമായ കിടപ്പുമുറിയിലാണ് കഴിഞ്ഞത്.

ജീവിതത്തിലും, മരണത്തിലും ഒരു പോലെ ലളിതമായിരിക്കുക. അത് പറയുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല. പക്ഷെ കാലം ചെയ്ത പോപ്പ് ഫ്രാന്‍സിസ് തന്റെ ജീവിതത്തിലും, മരണത്തിലും ആ ലാളിത്യം ഒരുപോലെ കാത്തുസൂക്ഷിച്ചുവെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാം. 

സെന്റ് മേരി മാഗിയോര്‍ ചര്‍ച്ചിലെ പോപ്പിന്റെ കല്ലറ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഇത് വ്യക്തമാകുകയും ചെയ്യും. ശനിയാഴ്ച അന്ത്യവിശ്രമം നല്‍കിയ പോപ്പിന്റെ കല്ലറയുടെ ആദ്യ ചിത്രങ്ങള്‍ ഇപ്പോള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവിടം പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയതോടെ കര്‍ദിനാള്‍മാരും, കന്യാസ്ത്രീകളും ഉള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകുന്നത്. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് ചര്‍ച്ചില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്. 

തിങ്കളാഴ്ച വിടവാങ്ങിയ 88-കാരനായ പോപ്പ് ഫ്രാന്‍സിസിനെ സ്വകാര്യമായ ചടങ്ങിലാണ് സെന്റ് മേരി ബസലിക്കയില്‍ അടക്കം ചെയ്തത്. പൊതുദര്‍ശനത്തില്‍ ലോകനേതാക്കള്‍ ഉള്‍പ്പെടെ 250,000 പേരാണ് പങ്കെടുത്തത്. കര്‍ദിനാളായും, പോപ്പായും ഇരിക്കുമ്പോള്‍ അദ്ദേഹം പതിവായി സന്ദര്‍ശിച്ചിരുന്ന പള്ളിയിലാണ് 'ഫ്രാന്‍സിസ്‌കസ്' എന്ന് മാത്രം ആലേഖനം ചെയ്തിട്ടുള്ള കല്ലറ സ്ഥിതി ചെയ്യുന്നത്. ഒരു വെളുത്ത റോസാപ്പൂവാണ് ആകെയുള്ള അലങ്കാരം. 

ഇതിന് മുകളിലായി ഒരു കുരിശ് സ്‌പോട്ട്‌ലൈറ്റ് നല്‍കി സ്ഥാപിച്ചിട്ടുണ്ട്. പോപ്പ് അന്ത്യവിശ്രമം കൊള്ളുന്ന ഇടം പോലെ തന്നെ ലളിതമായിരുന്നു അദ്ദേഹം 12 വര്‍ഷക്കാലം ജീവിച്ച വസതിയെന്നും ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നു. പോപ്പായ ശേഷം അപ്പോസ്തലിക് പാലസിലേക്ക് താമസം മാറാന്‍ വിസമ്മതിച്ച പോപ്പ് ഫ്രാന്‍സിസ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയ്ക്ക് സമീപമുള്ള കാസാ സാന്റാ മാര്‍ത്തയിലെ ലളിതമായ കിടപ്പുമുറിയിലാണ് കഴിഞ്ഞത്. 

റൂം 201-ലാണ് പോപ്പ് ഫ്രാന്‍സിസ് താമസിച്ചിരുന്നത്. ഒരു ചെറിയ കിടപ്പുമുറി, ഓഫീസ്, റിസപ്ഷന്‍ റൂം എന്നിവയാണ് ഇവിടെയുള്ളത്. ലളിതമായ ഫര്‍ണീച്ചറുകളും, ഏതാനും കസേരകളും മാത്രമാണ് ഇവിടെയുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.