അടുത്ത രണ്ട് വര്‍ഷത്തേക്ക് യുകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുത്തനെ കുറയുമെന്ന് മുന്നറിയിപ്പ്. ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള താരിഫ് യുദ്ധത്തില്‍ ഉപഭോക്താക്കളുടെ ചെലവഴിക്കലും, ബിസിനസ്സ് നിക്ഷേപങ്ങളും ബാധിക്കപ്പെടുന്നതാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്നാണ് ഇവൈ ഐറ്റം ക്ലബ് പ്രവചിക്കുന്നത്.
ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലേക്കുള്ള ആത്മവിശ്വാസം റെക്കോര്‍ഡ് താഴ്ചയിലേക്ക് എത്തിയെന്നാണ് ഒരു സര്‍വ്വെ വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ കാല്‍ശതമാനം പേരും അടുത്ത വര്‍ഷം സമ്പദ്ഘടന മോശമാകുമെന്ന് കരുതുന്നതായി ഇപ്‌സോസ് മോറി സര്‍വ്വെ പറയുന്നു. കേവലം 7% പേര്‍ മാത്രമാണ് മെച്ചപ്പെടുമെന്ന് കരുതുന്നത്. 13% പേര്‍ സമാനമായ നിലയില്‍ തുടരുമെന്നും പറയുന്നു.
യുകെയുടെ ജിഡിപി ഈ വര്‍ഷം 0.8% വളരുമെന്നാണ് ഇവൈ പ്രവചനം. ഫെബ്രുവരിയില്‍ 1% വളര്‍ച്ച പ്രവചിച്ച സ്ഥാനത്താണ് ഈ ഇടിവ്. 2026 വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 1.6 ശതമാനത്തില്‍ നിന്നും 0.9 ശതമാനത്തിലേക്കും കുറച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് യുകെയുടെ ഈ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 1.1 ശതമാനമായിരിക്കുമെന്ന് പ്രവചിച്ചിരുന്നു.
1.6 ശതമാനത്തില്‍ നിന്നുമാണ് ഇവര്‍ വളര്‍ച്ചാ നിരക്ക് താഴ്ത്തിയത്. ട്രംപിന്റെ വ്യാപാര നയങ്ങള്‍ യുകെയ്ക്ക് വളര്‍ച്ചാ 'ഷോക്ക്' നല്‍കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയും വ്യക്തമാക്കുന്നു. ഈ ഘട്ടത്തില്‍ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുന്നുണ്ട്. എന്നാല്‍ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ മോണിറ്ററി പോളിസി കമ്മിറ്റി ഇതിന് തയ്യാറാകുമോയെന്ന് ഇപ്പോഴും ഉറപ്പില്ല.