ചെങ്കോട്ടയായി കരുതപ്പെടുന്ന റണ്‍കോണില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേവലം ആറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറി റിഫോം യുകെ. പാര്‍ട്ടി നേടിയ വിജയം ലേബര്‍ ഗവണ്‍മെന്റിനെ സ്തംബ്ധരാക്കിയിരിക്കുകയാണ്. 15000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം കൈയടക്കി വെച്ചിരുന്ന ലേബറിനെ ഞെട്ടിച്ച് കൊണ്ടാണ് ഈ ഭൂരിപക്ഷം ആവിയായി പോയത്.
കടുത്ത പോരാട്ടം അരങ്ങേറിയതോടെ വോട്ടെണ്ണല്‍ രണ്ട് തവണയാണ് നടന്നത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കേവലം നാല് വോട്ട് ഭൂരിപക്ഷത്തിലാണ് റിഫോം മുന്നിലെത്തിയത്. എന്നാല്‍ ഇത് വീണ്ടും എണ്ണിയതോടെ ലേബര്‍ പ്രതീക്ഷിച്ച അസ്തമിച്ച് കൊണ്ട് ഭൂരിപക്ഷം ആറായി ഉയര്‍ന്നു.
ഉപതെരഞ്ഞെടുപ്പിന് പുറമെ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങളുടെയും ആവേശത്തിലാണ് നിഗല്‍ ഫരാഗ് മാധ്യമങ്ങളെ കണ്ടത്. 'ഈ മുന്നേറ്റത്തിനും, പാര്‍ട്ടിക്കും ഇത് വലിയ നിമിഷമാണ്. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല, ഇത് ഇംഗ്ലണ്ടില്‍ ഉടനീളം സംഭവിക്കുന്നു', ഫരാഗ് പറഞ്ഞു.
റിഫോം പാര്‍ട്ടിയുടെ അഞ്ചാമത് എംപിയായി മാറിക്കൊണ്ട് സാറാ പോച്ചിനാണ് ചരിത്ര നേട്ടം കുറിച്ചത്. ലേബര്‍ എതിരാളിയുടെ 12,639ന് എതിരെ 12,645 വോട്ട് നേടിയാണ് തലനാരിഴ വ്യത്യാസത്തില്‍ പോച്ചിന്‍ വിജയം പിടിച്ചത്. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍, ടോറി സ്ഥാനാര്‍ത്ഥികളെ അട്ടിമറിച്ച് റിഫോം വ്യാപകമായ നേട്ടമാണ് കൈവരിക്കുന്നത്.
ഡോങ്കാസ്റ്ററിലും, വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് ടൈന്‍സൈഡ് മേയര്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് ലേബറിന് ആശ്വാസമായി. ഗ്രേറ്റര്‍ ലിങ്കണ്‍ഷയറില്‍ റിഫോമിന്റെ ആന്‍ഡ്രിയ ജെന്‍കിന്‍സ് വിജയത്തിലേക്ക് നീങ്ങുകയാണ്.