ആശുപത്രിയില്‍ വന്നാല്‍ ജീവന്‍ രക്ഷപ്പെടുന്നതിന് പകരം ജീവനെടുക്കുന്ന പുതിയ രോഗം പിടിപെടുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. കൊവിഡ് കാലത്ത് നേരിട്ട ഇത്തരമൊരു പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് ഹെല്‍ത്ത് സര്‍വ്വീസ്. പിടിപെട്ടാല്‍ അഞ്ചിലൊന്ന് പേരുടെ ജീവനെടുക്കുന്ന ഇന്‍ഫെക്ഷനാണ് അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്നത്.
മാരകമായ ഇന്‍ഫെക്ഷന്‍ ഇപ്പോള്‍ കാല്‍ശതമാനം വര്‍ദ്ധനയാണ് ആശുപത്രികളില്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു. സി. ഡിഫ് എന്ന് വിളിക്കപ്പെടുന്ന ക്ലോസ്ട്രിഡിയോയ്ഡ്‌സ് ഡിഫിസില്‍ എന്ന ഉയര്‍ന്ന തോതില്‍ പടരുന്ന ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പെട്ടെന്ന് തന്നെ പകരുന്ന ഈ ബാക്ടീരിയ പിടിപെടുന്നതോടെ വയറ്റിളക്കമാണ് സാരമായി ബാധിക്കുന്നത്. പിടിപെടുന്ന ഭൂരിഭാഗം പേരും ഇതില്‍ നിന്നും കരകയറുമെങ്കിലും അഞ്ചിലൊന്ന് രോഗികള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളും, ചിലപ്പോള്‍ ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നതാണ് അവസ്ഥ. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2023-24 വര്‍ഷത്തില്‍ ഒരു ലക്ഷം പേരില്‍ 29.5 ശതമാനം പേര്‍ക്ക് ഈ രോഗം കണ്ടതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി.
2020-21 വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് 33 ശതമാനം വര്‍ദ്ധനവാണ്. ഒരു ദശകത്തിനിടെ കാണുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആശുപത്രിയില്‍ നിന്നും രോഗികള്‍ക്ക് സമ്മാനിക്കപ്പെടുന്ന രോഗങ്ങളിലൊന്നാണ് സി. ഡിഫ്. കുടലിനെ ബാധിക്കുന്ന ബാക്ടീരിയ ചൂടിനെയും, മിക്ക ഇന്‍ഫെക്ഷന്‍ വിരുദ്ധ ഉത്പന്നങ്ങളെയും ഉയര്‍ന്ന തോതില്‍ പ്രതിരോധിക്കുന്നതുമാണ്.
എന്‍എച്ച്എസിലെ വന്‍തോതിലുള്ള തിരക്കാണ് ബാക്ടീരിയ പടരാനുള്ള പ്രധാന കാരണങ്ങളിലൊന്നായി യുകെഎച്ച്എസ്എ ചൂണ്ടിക്കാണിക്കുന്നത്. ആവശ്യത്തിന് ബെഡുകള്‍ ഇല്ലാതെ വരുമ്പോള്‍ രോഗികളെ ഇടനാഴികളില്‍ ചികിത്സിക്കുന്ന അവസ്ഥ വരുമ്പോള്‍ ജീവനക്കാര്‍ക്ക് ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ കണ്‍ട്രോള്‍ നടപടികള്‍ സ്വീകരിക്കുന്നത് എളുപ്പമാകാതെ വരുന്നതാണ് പ്രതിസന്ധിക്ക് പിന്നിലെന്നും ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.