ബ്രിട്ടനിലെ 23 കൗണ്‍സിലുകളിലേക്കും, ആറ് മേയര്‍മാരെയും കണ്ടെത്താനുമുള്ള ലോക്കല്‍ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എന്‍എച്ച്എസ് പ്രധാന ചര്‍ച്ചാ വിഷയമാക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ശ്രമിക്കുന്നത്. വിഷയത്തില്‍ കെമി ബാഡെനോകിനെയും, നിഗല്‍ ഫരാഗിനെയും കടന്നാക്രമിക്കുകയാണ് സ്ട്രീറ്റിംഗ്.
എന്‍എച്ച്എസ് വിഷയത്തില്‍ റിഫോം യുകെ പരസ്പര വിരുദ്ധമായ നിലപാടാണ് പങ്കുവെയ്ക്കുന്നതെന്ന് നിഗല്‍ ഫരാഗിനെ കുറ്റപ്പെടുത്തി ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. കണ്‍സര്‍വേറ്റീവുകള്‍ ഹെല്‍ത്ത് സര്‍വ്വീസ് നടത്തിപ്പിന്റെ പേരില്‍ കെമി ബാഡെനോക് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്കല്‍ തെരഞ്ഞെടുപ്പിന് പുറമെ റണ്‍കോണ്‍ & ഹെല്‍സ്ബിയില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
കണ്‍സര്‍വേറ്റീവുകളും, റിഫോമും ആരാണ് ഏറ്റവും നന്നായി വിമര്‍ശിക്കുന്നതെന്ന മത്സരത്തിലാണ്. നിഗല്‍ ഫരാഗ് എല്ലാം നേരിട്ട് സംസാരിക്കുന്നുവെന്ന് പറയും. പക്ഷെ എന്‍എച്ച്എസിന്റെ കാര്യത്തില്‍ രണ്ട് തട്ടില്‍ സംസാരിക്കും. കെമി ബാഡെനോക് എന്‍എച്ച്എസ് മോഡലില്‍ സംവാദനം ആവശ്യപ്പെടുന്നു. ഒരു മാപ്പ് പറഞ്ഞ ശേഷം സംവാദം തുടങ്ങാം. ചരിത്രത്തിലെ ഏറ്റവും വലിയ സംതൃപ്തിയില്‍ നിന്നും, കുറഞ്ഞ വെയ്റ്റിംഗ് സമയത്ത് നിന്നും നേര്‍ വിപരീതത്തിലേക്കാണ് അവര്‍ നയിച്ചത്, സ്ട്രീറ്റിംഗ് പറഞ്ഞു.
ആയിരക്കണക്കിന് രോഗികളെ ഇപ്പോള്‍ എന്‍എച്ച്എസ് വേഗത്തില്‍ കാണുന്നുവെന്ന കണക്കുകളാണ് സ്ട്രീറ്റിംഗ് ആയുധമാക്കുന്നത്. 2024 ജൂലൈ മുതല്‍ 2025 ഫെബ്രുവരി വരെ 18,000 പരിശോധനകള്‍ നല്‍കാന്‍ ലോക്കല്‍ സെന്ററുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 50% കൂടുതലാണ്.