പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധന നല്‍കാനായി അധിക ഫണ്ട് അനുവദിക്കാന്‍ പോകുന്നില്ലെന്ന് പ്രഖ്യാപിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഇതോടെ യൂണിയനുകളുമായി നേരിട്ടുള്ള പോരാട്ടത്തിന് വഴിയൊരുങ്ങി. നഴ്‌സുമാര്‍ക്ക് പുറമെ അധ്യാപകരും, കൗണ്‍സില്‍ ജീവനക്കാരും സമരഭീഷണി മുഴക്കിയിട്ടുണ്ട്.
പണപ്പെരുപ്പത്തെ അധികരിച്ചുള്ള ശമ്പളവര്‍ദ്ധന നല്‍കാന്‍ സേവനങ്ങള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇതോടെ സമ്മറില്‍ ബ്രിട്ടന്‍ വീണ്ടും സമരച്ചൂടിലേക്ക് നീങ്ങുമെന്ന നിലയിലാണ്. വ്യവസായ ഒത്തൊരുമ സൃഷ്ടിക്കുമെന്ന് ലേബര്‍ വാഗ്ദാനം ചെയ്ത ശേഷമാണ് ഈ പ്രതിസന്ധിക്ക് വഴിതുറന്നിരിക്കുന്നത്.
യൂണിയന്‍ നേതൃത്വത്തോട് റീവ്‌സിന് മൃദുസമീപനമാണ് ഉള്ളതെന്ന് ടോറികള്‍ ആരോപിക്കുന്നു. സ്വതന്ത്ര പേ റിവ്യൂ ബോഡികള്‍ റീവ്‌സിന്റെ ചെലവഴിക്കല്‍ പദ്ധതിയില്‍ 3 ബില്ല്യണ്‍ പൗണ്ടിന്റെ വിടവ് സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പത്തിന് മുകളില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധന നിര്‍ദ്ദേശിച്ചാല്‍ ഇത് സാധ്യമാകും.
1.4 മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3 ശതമാനം ശമ്പളവര്‍ദ്ധനവാകും പേ റിവ്യൂ ബോഡി ഓഫര്‍ ചെയ്യുകയെന്നാണ് കരുതുന്നത്. അതേസമയം അര മില്ല്യണ്‍ അധ്യാപകര്‍ക്ക് 4 ശതമാനം പേ ഓഫറും മുന്നോട്ട് വെയ്ക്കുമെന്നാണ് സൂചന. ഇത് രണ്ടും ട്രഷറി നിര്‍ദ്ദേശിച്ച 2.8 ശതമാനം അഫോര്‍ഡബിലിറ്റി ക്യാപ്പിന് മുകളിലാണ്.
വകുപ്പുകള്‍ക്ക് താങ്ങാന്‍ കഴിയുന്നതിന് മുകളിലാണ് നിര്‍ദ്ദേശിക്കുന്ന ഓഫറുകളെങ്കിലും അധിക ഫണ്ടിംഗ് ഉണ്ടാകില്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കുന്നത്. ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാന്‍ കഴിയുന്ന വിധത്തില്‍ വര്‍ദ്ധന നല്‍കാത്ത പക്ഷം സമരത്തിലേക്ക് നീങ്ങുമെന്ന് മുന്‍നിര യൂണിയനുകളും മുന്നറിയിപ്പ് നല്‍കി.