മുന്‍പൊരിക്കലും സംഭവിക്കാത്ത വിധത്തില്‍ വൈദ്യുതി ബന്ധത്തില്‍ സാരമായ തടസ്സങ്ങള്‍ നേരിട്ടതോടെ യൂറോപ്പ് ഇരുട്ടില്‍. അവസ്ഥ രൂക്ഷമായതോടെ സ്‌പെയിനും, പോര്‍ച്ചുഗലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ രണ്ട് രാജ്യങ്ങള്‍ക്ക് പുറമെ ഫ്രാന്‍സിലെ ചില ഭാഗങ്ങളും ഇരുട്ടിലാണ്.
വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ ട്രെയിനുകളില്‍ ആയിരങ്ങള്‍ കുടുങ്ങിയ നിലയിലാണ്. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുകയും, വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ആശങ്കയിലായ ജനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകള്‍ കാലിയാക്കി. സ്ഥിതി ഏതാനും ദിവസം നീണ്ടുനില്‍ക്കുമെന്നാണ് ആശങ്ക.
ഇരുട്ടിലാഴ്ന്നതോടെ ഉടലെടുത്ത പ്രതിസന്ധി നേരിടാന്‍ സ്‌പെയിന്‍ ആഭ്യന്തര മന്ത്രാലയം 30,000 പോലീസ് ഓഫീസര്‍മാരെ രംഗത്തിറക്കി. ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളും തടസ്സം നേരിടുകയാണ്. അസാധാരണമായ എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് പോര്‍ച്ചുഗലിന്റെ റെഡെസ് എനെര്‍ജെറ്റികാസ് നാകിയോനെയ്‌സ് വ്യക്തമാക്കുന്നത്.
സംഭവം അന്വേഷിക്കുന്നതായി സ്പാനിഷ് പ്രധാനമന്ത്രി അറിയിച്ചു. ഒരു സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 60% നഷ്ടമാണ് നേരിട്ടത്. ഇത് മുന്‍പൊരിക്കലും സംഭവിക്കാത്തതാണ്, സാഞ്ചെസ് കൂട്ടിച്ചേര്‍ത്തു. അഞ്ച് സെക്കന്‍ഡുകള്‍ക്കിടെയാണ് സ്‌പെയിന്‍ പവര്‍ ഗ്രിഡില്‍ ഈ അസാധാരണ കുറവ് നേരിട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ സൈബര്‍ അക്രമണം നടന്നിട്ടില്ലെന്നാണ് പോര്‍ച്ചുഗീസ് നാഷണല്‍ സൈബര്‍സെക്യൂരിറ്റി സെന്റര്‍ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ തുടങ്ങിയ തടസ്സങ്ങള്‍ ഏകദേശം 60 മില്ല്യണ്‍ ജനങ്ങളെ ബാധിച്ചിട്ടുണ്ട്. മാഡ്രിഡ്, ലിസ്ബണ്‍ എന്നിവിടങ്ങളിലെ ട്രാഫിക്കും ബാധിക്കപ്പെട്ടു. ആശുപത്രികള്‍ പോലും അടിയന്തര സേവനങ്ങള്‍ ജനറേറ്ററുകളെ ആശ്രയിക്കുമ്പോള്‍ പെട്രോള്‍ പമ്പുകള്‍ അടച്ചുപൂട്ടി.
സ്‌പെയിനിലും, പോര്‍ച്ചുഗലിലും ട്രെയിന്‍, മെട്രോ സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ ടണലിലും, റെയില്‍വെ ട്രാക്കിലും കുടുങ്ങിയ ജനങ്ങളെ രക്ഷപ്പെടുത്തേണ്ടി വന്നു. മാഡ്രിഡില്‍ ജനങ്ങളോട് എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരാനാണ് മേയര്‍ നിര്‍ദ്ദേശം നല്‍കിയത്.