കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്ന സംഭവത്തില്‍ ഇന്ന് രാവിലെ 10.30ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. ഇന്നലെ മരണപ്പെട്ട രണ്ട് പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ യോഗത്തില്‍ തീരുമാനമെടുക്കും. ആശുപത്രിയിലുണ്ടായ പുക കാരണമല്ല അഞ്ച് മരണങ്ങള്‍ സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. മരിച്ച അഞ്ചുപേരില്‍ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴെ മരണപ്പെട്ടിരുന്നുവെന്നും മറ്റുള്ളവര്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നതുമാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചത്
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍, വടകര സ്വദേശി സുരേന്ദ്രന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, പശ്ചിമ ബംഗാളില്‍ നിന്നും ഗംഗ, വയനാട് സ്വദേശി നസീറ എന്നിവരുടെ മരണത്തിലാണ് ബന്ധുക്കള്‍ സംശയം ഉന്നയിച്ചത്. അതില്‍ ഗംഗാധരന്‍, നസീറ എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. പുക ശ്വസിച്ചാണ് ഇവരുടെ മരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഇവിടെ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ പരിശോധന നടത്തും. അതേസമയം പുക ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കാഷ്വാലിറ്റിയിലെ ശുചീകരണ പ്രവര്‍ത്തികള്‍ രാത്രിയില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ തകരാറുകള്‍ പരിഹരിച്ച ശേഷം മാത്രമേ പ്രവര്‍ത്തനം പുനരാരംഭിക്കൂ.
ബീച്ച് ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ കൂടുതല്‍ ഡോക്ടേഴ്സിനെ നിയോഗിച്ചാണ് അടിയന്തര ചികിത്സ ഏകോപിപ്പിക്കുന്നത്. 34 രോഗികളെയാണ് വിവിധ ആശുപത്രികളിലേക്ക് അപകടത്തെ തുടര്‍ന്ന് മാറ്റിയത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി.