'അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും', ഈ ചൊല്ല് നമ്മുടെ നാട്ടില്‍ കേള്‍ക്കാത്തവര്‍ കാണില്ല. അതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ പക്ഷെ ജീവിതത്തില്‍ ചിലതൊക്കെ നടക്കേണ്ടി വരും. ലോക്കല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബ്രിട്ടനിലെ ഭരണപക്ഷത്തിന്റെ അവസ്ഥയും ഏതാണ്ട് ഇതുപോലെയാണ്. ഇതുവരെ കളിയാക്കി കൊണ്ടിരുന്ന ഒരു 'കുഞ്ഞന്‍' പാര്‍ട്ടി നടത്തിയ മുന്നേറ്റമാണ് ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിക്കും, കണ്‍സര്‍വേറ്റീവുകള്‍ക്കും തലവേദനയാകുന്നത്.
നിഗല്‍ ഫരാഗിന്റെ റിഫോം യുകെ സൃഷ്ടിച്ച ഭൂകമ്പമാണ് ഈ ചൊറിച്ചിലിന് കാരണം. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒന്നുകില്‍ മാറാം, അല്ലെങ്കില്‍ മരിക്കാമെന്ന മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ ഓര്‍മ്മിപ്പിക്കുകയാണ് ലേബര്‍ എംപിമാര്‍. പാര്‍ട്ടിയുടെ അടിസ്ഥാനമായ തൊഴിലാളിവര്‍ഗ്ഗവുമായുള്ള ബന്ധം നഷ്ടമായെന്നാണ് ലിവര്‍പൂള്‍ വാള്‍ടണിലെ എംപി ഡാന്‍ കാര്‍ഡെന്‍ ചൂണ്ടിക്കാണിക്കുന്നത്.
ലേബറിന്റെ റണ്‍കോണ്‍ സീറ്റിന് പുറമെ രണ്ട് മേയര്‍ തെരഞ്ഞെടുപ്പും, 677 കൗണ്‍സില്‍ സീറ്റും നേടിയാണ് റിഫോം നേതാവ് നിഗല്‍ ഫരാഗ് ആഘോഷിക്കുന്നത്. വോട്ടര്‍മാര്‍ നല്‍കിയ ഈ സന്ദേശം കണ്ടില്ലെന്ന് നടിച്ചാല്‍ വിനയാകുമെന്ന് എംപിമാര്‍ ഓര്‍മ്മിപ്പിക്കുന്നു. നിഗല്‍ ഫരാഗ് അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് ഫൈന്‍ഡ് ഔട്ട് നൗ നടത്തിയ സര്‍വ്വെയില്‍ 63 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. 31 ശതമാനം മാത്രമാണ് സ്റ്റാര്‍മറെ പിന്തുണച്ചത്. ടോറി നേതാവ് കെമി ബാഡെനോകിന് 6 ശതമാനം സാധ്യത മാത്രമാണുള്ളത്.
ഫരാഗിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളാണ് വോട്ട് നേടിക്കൊടുത്തതെന്ന തരത്തിലാണ് പാര്‍ട്ടികളുടെ വിലയിരുത്തല്‍. അതിനാല്‍ അഭയാര്‍ത്ഥി അപേക്ഷകരെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്ന രീതി അവസാനിപ്പിക്കാന്‍ ഡൗണിംഗ് സ്ട്രീറ്റ് തിരക്കിട്ട നീക്കം നടത്തുകയാണ്. അഭയാര്‍ത്ഥികള്‍ക്ക് സുഖതാമസം നല്‍കാന്‍ 200 ഹോട്ടലുകള്‍ക്കായി പ്രതിവര്‍ഷം 2 ബില്ല്യണ്‍ പൗണ്ട് പൊടിക്കുന്നുവെന്നാണ് കണക്ക്.