CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes 55 Seconds Ago
Breaking Now

എട്ടാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 31 ശനിയാഴ്ച

എയ്ല്‍സ്ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി നടത്തിവരുന്ന എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം  ഈ വര്‍ഷം 2025  മെയ് 31 ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ആത്മീയ നേതൃത്വത്തില്‍ നടക്കുന്ന വിശ്വാസതീര്‍ത്ഥാടനത്തിലും തിരുന്നാള്‍ തിരുക്കര്‍മങ്ങളിലും പങ്കെടുക്കുന്നതിനായി ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന്  വിശ്വാസികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. രൂപതയിലെ ലണ്ടന്‍, കാന്റര്‍ബറി  റീജിയനുകളുടെ   നേതൃത്വത്തിലാണ് തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

ഇംഗ്‌ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ്  എയ്ല്‍സ്ഫോര്‍ഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്ഫോര്‍ഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ  ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നില്‍ക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയില്‍ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി. 

മെയ് 31 ശനിയാഴ്ച രാവിലെ 11.30 ന്  എയ്ല്‍സ്ഫോര്‍ഡിലെ പ്രശസ്തമായ  ജപമാലരാമത്തിലൂടെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍  കര്‍മ്മലമാതാവിന്റെ രൂപവും  സംവഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ  കൊന്തപ്രദിക്ഷണം, ഉച്ചക്ക് 1.30 ന് രൂപതാധ്യക്ഷന്‍   മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍   രൂപതയിലെ വൈദികരും ചേര്‍ന്ന് അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്,  തുടര്‍ന്ന്  വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള  ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം എന്നിവ നടക്കും. എയ്ല്‍സ്ഫോഡില്‍ തീര്‍ത്ഥാടകരായി എത്തിച്ചേരുന്ന എല്ലവര്‍ക്കും സ്‌നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും നല്‍കിവരുന്നു. 

തീര്‍ത്ഥാടനത്തോടനുബന്ധിച്ചു  തിരുനാള്‍  പ്രസുദേന്തിയാകുന്നതിനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീര്‍ത്ഥാടകര്‍ക്കായി കാറുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന്   വിശാലമായ പാര്‍ക്കിങ് സൗകര്യം  ഉണ്ടായിരിക്കും.

കര്‍മ്മലമാതാവിന്റെ സവിധത്തിലേക്കു നടക്കുന്ന അനുഗ്രഹീതമായ ഈ  മരിയന്‍ തീര്‍ത്ഥാടനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും തീര്‍ത്ഥാടനത്തിന്റെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.ഷിനോജ് കളരിക്കലും  അറിയിച്ചു.

പ്രസുദേന്തി ആകുവാന്‍ താല്പര്യം ഉള്ളവര്‍ താഴെകാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

https://forms.gle/wJxzScXoNs6se7Wb6

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കല്‍ - 07920690343

 

Addres of the Venue: The Friars, Aylesford, Kent, ME20 7BX

 

വാര്‍ത്ത: ബിനു ജോര്‍ജ് 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.