വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ യുകെ സമ്പദ് വ്യവസ്ഥ അപ്രതീക്ഷിതമായ മുന്നേറ്റം നേടിയതോടെ ലേബര്‍ ഗവണ്‍മെന്റിനും, ചാന്‍സലര്‍ക്കും ആശ്വാസം. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഇതുവരെ അതിന്റെ സൂചന പോലും ലഭ്യമാക്കാന്‍ ഗവണ്‍മെന്റിന് സാധിച്ചിരുന്നില്ല.
നിഗല്‍ ഫരാഗിന്റെ റിഫോം യുകെയുടെ വളര്‍ച്ചയും, നികുതിയുടെയും, ചെലവഴിക്കലിന്റെയും പേരില്‍ സ്വന്തം എംപിമാരില്‍ നിന്നും നേരിടുന്ന സമ്മര്‍ദവും ചേര്‍ന്ന് ലേബര്‍ ഗവണ്‍മെന്റിനെ ശ്വാസം മുട്ടിക്കുന്നതിനിടെയാണ് ശ്വാസം വിടാന്‍ ഇടവേള നല്‍കി ജിഡിപി കണക്കുകള്‍ പുറത്തുവരുന്നത്. ആദ്യ പാദത്തില്‍ 0.7% വളര്‍ച്ച നേടിയെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നത്.
ലേബര്‍ അധികാരത്തിലെത്തിയ ശേഷമുള്ള രണ്ട് പാദങ്ങളില്‍ വളര്‍ച്ച ചലനമില്ലാതെ നിന്നതില്‍ നിന്നുമാണ് ഈ സുപ്രധാന മാറ്റം. സേവന മേഖലയാണ് ഇക്കുറി വളര്‍ച്ചയെ ത്വരിതപ്പെടുത്തിയതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നു. താരതമ്യേന ചെറുതായിട്ടും മാനുഫാക്ചറിംഗ് മേഖല പോസിറ്റീവ് വാര്‍ത്തയാണ് നല്‍കിയത്. എന്നാല്‍ ലേബര്‍ 1.5 മില്ല്യണ്‍ പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തേജനം നല്‍കിയ കണ്‍സ്ട്രക്ഷനില്‍ ചലനമില്ലെന്നതും ശ്രദ്ധേയമാണ്.
അതേസമയം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ 25 ബില്ല്യണ്‍ പൗണ്ടിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധന ഏപ്രിലിലാണ് നിലവില്‍ വന്നത്. ഇതിന്റെ പ്രത്യാഘാതം വരും മാസങ്ങളില്‍ ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. തൊഴില്‍ വിപണിയില്‍ ഇതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ വ്യക്തമായിട്ടുണ്ട്. ദുര്‍ബലമായ വരുമാന വര്‍ദ്ധന, ഉയര്‍ന്ന വിലകള്‍, വേഗത കുറഞ്ഞ റിക്രൂട്ട്‌മെന്റ് എന്നിവയാണ് നേരിടേണ്ടി വരിക.