ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളിലെ തിക്കിത്തിരക്ക് കുറയ്ക്കുമ്പോള്‍ ഗാര്‍ഹിക പീഡനക്കാര്‍ ഉള്‍പ്പെടെ സ്വാതന്ത്ര്യം നേടി പുറത്തിറങ്ങുമെന്ന ആശങ്ക ശക്തമാണ്. പൊതുജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ നേരിടുന്നതിനിടെ ഈ പദ്ധതിയെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്.
ഒന്ന് മുതല്‍ നാല് വര്‍ഷം വരെ ശിക്ഷ അനുഭവിക്കുന്ന ക്രിമിനലുകള്‍ ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ചാല്‍ കേവലം 28 ദിവസത്തേക്ക് മാത്രം കസ്റ്റഡിയില്‍ തിരികെ വിളിച്ചാല്‍ മതിയെന്നാണ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പുതിയ അടിയന്തര നടപടികളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക, ലൈസന്‍സില്‍ മുന്‍കൂറായി വിട്ടയയ്ക്കുക, നിബന്ധനകള്‍ ലംഘിക്കുക എന്നിവ സംഭവിക്കുമ്പോഴാണ് കുറ്റവാളികളെ വീണ്ടും ജയിലുകളിലേക്ക് വിളിക്കുന്നത്. സ്‌കീമിന് കീഴില്‍ പല ഗാര്‍ഹിക പീഡകരും ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകളും സമ്മതിക്കുന്നു.
എന്നാല്‍ തന്റെ ഗവണ്‍മെന്റിന് മറ്റ് വഴികളില്ലാത്തതിനാലാണ് ഈ സ്‌കീം നടപ്പാക്കേണ്ടി വന്നതെന്ന് സ്റ്റാര്‍മര്‍ അവകാശപ്പെട്ടു. അതേസമയം കൂടുതല്‍ അപകടം വരുത്തുമെന്ന് ഉറപ്പായ ഒരു വിഭാഗത്തെ നേരത്തെ ജയിലുകളില്‍ നിന്നും വിട്ടയയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തിനെന്ന ചോദ്യമാണ് വിക്ടിംസ് കമ്മീഷണര്‍ ഹെലെന്‍ ന്യൂലൗ ഉന്നയിക്കുന്നത്.