എയര്‍ ഇന്ത്യ വിമാനം കത്തിയമര്‍ന്നതിന്റെ ഞെട്ടലില്‍ നിന്നും ലോകം ഇപ്പോഴും മുക്തമായിട്ടില്ല. 53 ബ്രിട്ടീഷുകാരടക്കം ഇരുനൂറിലേറെ യാത്രക്കാരും, ക്യാബിന്‍ ക്രൂ അംഗങ്ങളും മാത്രമല്ല വിമാനം തകര്‍ന്ന് മരിച്ചത്, ഇത് തകര്‍ന്നുവീണ മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരും, വിദ്യാര്‍ത്ഥികളും, ഇവരുടെ കുടുംബാംഗങ്ങളും വരെ മരണത്തില്‍ ഇരകളായി.
ഗ്ലോസ്റ്റര്‍ഷയറില്‍ കുടുംബസമേതം താമസിച്ചിരുന്ന ബിസിനസ്സുകാരനായ അകീല്‍ നനാബാവയും, കുടുംബാംഗങ്ങളും ഈ ദുരന്തത്തില്‍ മരണം വരിച്ചു. ഭാര്യ ഹന്നാ വൊറാജി, ഇവരുടെ മകള്‍ എന്നിവര്‍ക്കൊപ്പമാണ് അകീല്‍ മരണത്തിലേക്ക് പോയത്. ഗ്ലോസ്റ്റര്‍ഷയറിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്.
വിമാനം തകര്‍ന്നുവീണ മേഖലയില്‍ രക്ഷാസംഘം സ്‌നിഫര്‍ നായകളെ ഉപയോഗിച്ച് തെരച്ചില്‍ തുടരുകയാണ്. അഹമ്മദാബാദിലെ റസിഡന്‍ഷ്യല്‍ മേഖലയിലേക്കാണ് വിമാനം പതിച്ചത്. ഇതുവരെ 265 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതില്‍ 24 പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നവരാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും, ഡോക്ടര്‍മാരുടെയും ഹോസ്റ്റല്‍ ആയതിനാല്‍ ഇവരും അപകടത്തില്‍ പെടുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന കാന്റീന്‍ കെട്ടിടത്തിലേക്കാണ് വിമാനത്തിന്റെ മുന്‍ഭാഗവും, വീലും വന്നുപതിച്ചത്. ഇരകളുടെ കുടുംബങ്ങള്‍ ഇവരുടെ മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ സാമ്പിളുകള്‍ കൈമാറുന്നുണ്ട്. ഡിഎന്‍എ ടെസ്റ്റിംഗിന് ശേഷമാണ് യഥാര്‍ത്ഥ മരണനിരക്ക് വ്യക്തമാകുകയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചു.
അതേസമയം വിമാനത്തിലെ രണ്ട് ബ്ലാക്ക് ബോക്‌സുകളിലൊന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം ഇന്ത്യയുടെ ഏവിയേഷന്‍ ആക്‌സിഡന്റ് വിഭാഗം അന്വേഷണം ആരംഭിച്ചു. യുകെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും, യുഎസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും, ബോയിംഗും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.