ഗുരുപൂര്‍ണ്ണിമയുടെ ഭാഗമായി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തെ ന്യായീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍. ഗുരുപൂജ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ സംസ്‌കാരത്തെ മറന്നാല്‍ നമ്മള്‍ തന്നെ ഇല്ലാതാവുമെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം പാദങ്ങളില്‍ പൂക്കള്‍ അര്‍പ്പിക്കുന്നത് ആദരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗുരുപൂര്‍ണ്ണിമയുടെ ഭാഗമായി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെകൊണ്ട് അദ്ധ്യാപകരുടെ പാദപൂജ ചെയ്യിച്ചത് വന്‍ വിവാദമായിരുന്നു. വിഷയത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കാസര്‍ഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ ഗുരു പൂര്‍ണിമ എന്ന പേരില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി.
സംഭവം അടിയന്തര സ്വഭാവത്തില്‍ അന്വേഷിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം. അതേസമയം നേരത്തെ കണ്ണൂര്‍ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠം സ്‌കൂളിലും ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠത്തിലും വിദ്യാര്‍ത്ഥികളെകൊണ്ട് പാദപൂജ ചെയ്യിപ്പിച്ചിരുന്നു. സംഭവം ജുവൈനല്‍ ജസ്റ്റിസ് ആക്ടിന്റെ നഗ്മമായ ലംഘനമാണെന്ന് ബാലവകാശ കമ്മീഷന്‍ അംഗം അഡ്വ. ബി മോഹന്‍ കുമാര്‍ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേക്ഷണം നടത്തി.
കുട്ടികളെ അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും വഴിതിരിച്ചു വിടുന്ന പ്രവര്‍ത്തിയാണിത്. കര്‍ശന നിലപാട് സ്വീകരിക്കുമെന്നും മോഹന്‍ കുമാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ആത്മാഭിമാനം ഉണ്ട്, എന്നിട്ടാണ് അധ്യാപകരുടെ കാല്‍ ചുവട്ടില്‍ ഇരിക്കുന്നതെന്നും മോഹന്‍ കുമാര്‍ പറഞ്ഞിരുന്നു. അതിനിടെ ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. സംഭവത്തില്‍ എത്രയും പെട്ടെന്ന് സ്‌കൂളുകളോട് വിശദീകരണം തേടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. അറിവും സ്വബോധവുമാണ് വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത്. ജാതി വ്യവസ്ഥയുടെ പേരില്‍ അക്ഷരം നിഷേധിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ നിന്ന് പോരാടി നേടിയെടുത്ത അവകാശമാണ് വിദ്യാഭ്യാസം. ഈ അവകാശം ആരുടെ കാല്‍ക്കീഴിലും അടിയറവ് വെക്കാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.