യൂത്ത് കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തിലുറച്ച് മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍. സദുദ്ദേശപരമായ നിര്‍ദേശമാണ് മുന്നോട്ട് വെച്ചതെന്നും പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളില്‍ ഒരിടത്തും യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റികളില്ലെന്നും പി ജെ കുര്യന്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അതുപറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ സിപിഐഎം ഗുണ്ടായിസം നേരിടണമെങ്കില്‍ ഓരോ പഞ്ചായത്തിലും ബൂത്തിലും നമുക്കും ചെറുപ്പക്കാര്‍ വേണം. സമരത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണം എന്നും പി ജെ കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഒരു പഞ്ചായത്തില്‍ ഒരുദിവസം ചെലവഴിച്ചാല്‍ മതി. 25 പേരെങ്കിലുമുള്ള കമ്മിറ്റികള്‍ രൂപീകരണം. ചെറുപ്പക്കാരെ കണ്ടുപിടിച്ച് എത്തിക്കണം. യുഡിഎഫ് ജയിക്കേണ്ട പല സഹകരണ ബാങ്കുകളിലും വോട്ടിംഗ് ദിവസം സിപിഐഎമ്മിന്റെ ചെറുപ്പക്കാര്‍ ബലമായി ബൂത്തുകളില്‍ പ്രവേശിക്കുമ്പോള്‍ അതിനെ നേരിടാന്‍ പത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ കാണുന്നില്ല. ഇങ്ങനെ പോയാല്‍ പോര. അഭിപ്രായം പാര്‍ട്ടിക്ക് വേണ്ടി പറഞ്ഞതാണ്. പറഞ്ഞതില്‍ ദോഷം എവിടെയാണ്. കൂട്ടത്തില്‍ എസ്എഫ്ഐയെ പരാമര്‍ശിച്ചുവെന്ന് മാത്രം. ദുരുദ്ദേശപരമായി ഒന്നുമില്ല. ആരെയും വിമര്‍ശിച്ചിട്ടില്ല. പാര്‍ട്ടിയുടെ താല്‍പര്യം നോക്കി ഉത്തമബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും എന്റെ അഭിപ്രായം അതാണ്. അവസരം കിട്ടുന്നിടത്ത് പറയും. ഇതേ അഭിപ്രായം ഡിസിസിയില്‍ രണ്ട് തവണയെങ്കിലും പറഞ്ഞിട്ടുണ്ട്' എന്നും പി ജെ കുര്യന്‍ പറഞ്ഞു.
പരിഹരിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണ്. പാര്‍ട്ടിയിലെ എല്ലാവരും യൂത്ത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കണം. തന്റെ പിന്തുണ ഇതിനകം അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി ഇറങ്ങണം. യൂത്ത് കോണ്‍ഗ്രസിന് മണ്ഡലം പ്രസിഡന്റ് ഇല്ലെങ്കില്‍ ഉണ്ടാക്കേണ്ടത് യൂത്ത് കോണ്‍ഗ്രസാണ്. തനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്നും പി ജെ കുര്യന്‍ ചോദിച്ചു. തനിക്ക് ഡല്‍ഹിയില്‍ കഴിഞ്ഞാല്‍ മതിയല്ലോ. ഈ വീട്ടില്‍ വന്നു താമസിക്കുന്നത് ഇവിടുത്ത് കോണ്‍ഗ്രസിനെ സഹായിക്കാനാണെന്നും പി ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു. തന്നെ സാറെ എന്ന് വിളിക്കുന്നത് വിളിക്കുന്നവരുടെ സംസ്‌കാരമാണ്. കുര്യന്‍ എന്ന് വിളിച്ചാലും എടോ എന്ന് വിളിച്ചാലും പരാതിയില്ലെന്നും പി ജെ കുര്യന്‍ പറഞ്ഞു.